‘എമ്പുരാന്’ ചിത്രീകരണം അടുത്ത വര്‍ഷം എന്ന് മോഹന്‍ലാല്‍
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ‘ലൂസിഫര്‍’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. ‘ലൂസിഫര്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. ‘എമ്പുരാന്’ എന്നാണ് ലൂസിഫറിന്റെ തുടര്‍ച്ചയ്ക്ക് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ക്കഥയല്ല. ലൂസിഫറിലെ കഥാപാത്രങ്ങളുടെ പോയ കാലവും ലൂസിഫറിന്റെ തുടര്‍ച്ചയുമായിരിക്കും ചിത്രത്തിലുണ്ടാവുക. എന്തായാലും ഈ പ്രഖ്യാപനവും നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.
അതേസമയം എമ്പുരാന് എന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം അവസാനത്തോടെ ആരംഭിയ്ക്കും എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. മികച്ച ഒരു സസ്പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര് എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരു കൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം.
Read more:”എന്താ ചിരിക്കാത്തെ…”; സൗബിന്റെ ‘വികൃതി’ ടീസര്‍
ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ആരാധകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫര്‍. അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരനെ മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന് പുലര്‍ത്തിയ മികവ് അസാമാന്യമെന്ന് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍.
ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക് ഒബ്റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന് രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.