ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി പാർവതിയുടെ ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’
പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’. മൂന്ന് വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ കഴിയുന്ന സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു. വസന്ത് എസ് സായ് സംവിധാനം ചെയ്ത ചിത്രം 29-ാമത് ഫുക്കുവോക്ക ചലച്ചിത്ര മേളയിലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. അശോകമിത്രന്‍, ആദവന്, ജയമോഹന് എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കിയാണ് വസന്ത് ചിത്രമൊരുക്കിയിരിക്കുന്നത്.
അതേസമയം പർവതിയുടേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം ‘വൈറസാ’ണ്. കേരളം ഭീതിയോടെ നേരിട്ട നിപ വൈറസ് എന്ന വിഷയത്തെ ആസ്പദമാക്കി ആഷിക് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. ചിത്രത്തിൽ ഡോക്ടർ അനുവായാണ് പാർവതി വേഷമിട്ടത്. മലയാള സിനിമ ഇതുവരെ കണ്ടത്തിൽ വച്ച് ഏറ്റവും നല്ല മെഡിക്കൽ സർവൈവൽ ത്രില്ലർ എന്ന വിശേഷണവും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു.
Read also: ‘ചേട്ടൻ നിൽക്കുമ്പോൾ അനിയൻ വിവാഹം കഴിച്ചു’: ഉണ്ണി മുകുന്ദൻ, ശ്രദ്ധേയമായി ശ്രീനാഥിന്റെ വിവാഹ വീഡിയോ
പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യതാണ് നേടിയത്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. പർവതിക്കൊപ്പം ആസിഫ് അലിയും ടോവിനോ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.