മനോഹര പ്രണയഗാനവുമായി ഹാപ്പി സർദാർ; വീഡിയോ

September 20, 2019

കാളിദാസ് ജയറാം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ഹാപ്പി സർദാർ. കാളിദാസിനെ നായകനാക്കി ദമ്പതിമാരായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി എന്റർടൈനറായ ചിത്രം ഹസീബ് ഹനീഫാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനമാണ് ശ്രദ്ധേയമാകുന്നത്. ‘മേരീ മേരീ ദിൽരൂബ…’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ പ്രണയം പറയുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗോപി സുന്ദർ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്.

ഒരു ക്‌നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്‌നാനായ പെൺകുട്ടിയായി ചിത്രത്തിൽ വേഷമിടുന്നത് മെറിൻ ഫിലിപ്പാണ്. ‘പൂമരം’ എന്ന ചിത്രത്തിലും മെറിൻ കാളിദാസിനൊപ്പം അഭിനയിച്ചിരുന്നു.

ശ്രീനാഥ്‌ ഭാസി, സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, പിഷാരടി, ബാലു വർഗീസ്, ധർമ്മജൻ, പ്രവീണ, ശാന്തി കൃഷ്ണ, സിദ്ധിഖ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.