മലയാള സിനിമയ്ക്കിത് അഭിമാന നിമിഷം; മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി ഇന്ദ്രൻസ്

September 8, 2019

സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാരവിദഗ്ധനായി മലയാള സിനിമയുടെ ഭാഗമായി എത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോകസിനിമയുടെ നെറുകയിലാണ്‌…കുറച്ച് നാളുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ് ഈ ചെറിയ വലിയ മനുഷ്യൻ. അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം ഇന്ദ്രൻസ് നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്…

സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരവും ഈ നടനെ തേടിയെത്തിയിരിക്കുകയാണ്. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ തേടി മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം എത്തുന്നത്. ഇതോടെ വെയിൽമരങ്ങൾ എന്ന ചിത്രത്തിന് രണ്ട് അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചു. ഷാങ്‍ഹായി ചലച്ചിത്രമേളയിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രത്തെതേടി എത്തിയിരുന്നു.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ ജീവിതം പറയുന്ന ചിത്രമാണ് വെയിൽമരങ്ങൾ. ചിത്രത്തിൽ ഇന്ദ്രൻസിനൊപ്പം സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എം.ജെ.രാധാകൃഷ്ണൻ, ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി, എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ എന്നിവരാണ്.

1981- ല്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.