തേച്ചിട്ട് പോയ പഴയ കാമുകിയോട് ജയസൂര്യയുടെ ‘ഷാജിപാപ്പന്’ സ്റ്റൈല്‍ ഡയലോഗ്: ചിരിവീഡിയോ
വെള്ളിത്തിരയില്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് അഭിനയ വസന്തം സൃഷ്ടിക്കുന്ന നടനാണ് ജയസൂര്യ. താരത്തിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. ചലച്ചിത്ര ലോകത്തെ അഭിനയ വിസ്മയത്തിനൊപ്പം പലപ്പോഴും ജയസൂര്യയുടെ വ്യക്തി ജീവിതത്തിലെ ചില വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരം പഴയ ഒരു പ്രണയകഥ പങ്കുവച്ചിരിക്കുകയാണ്.
24 ന്യൂസ് ചാനലിന് നല്കിയ ഒരു അഭിമുഖത്തിലാണ് ജയസൂര്യ തന്റെ പ്രണയത്തെക്കുറിച്ചുള്ള രസകരമായ ഒരു സംഭവം ഓര്‍ത്തെടുത്തത്. ‘ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു. സാമ്പത്തികമായി പിന്നിലായിരുന്നു ഞാന്‍. അവളാണെങ്കില്‍ സമ്പന്ന കുടുംബവും. അതിന്റെ പേരില്‍ ചെറിയ ഒരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടേയില്ല. കുറെക്കാലം കഴിഞ്ഞ് ഞാന്‍ സിനിമാ നടനൊക്കെയായി. ഒരിക്കല്‍ ഒരു ബിഎംഡബ്ല്യൂ കാര്‍ വാങ്ങി, പൂജയ്ക്കായി അമ്പലത്തിലേയ്ക്ക് പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ അവള് നടന്നു വരുന്നു. എന്നെയും കണ്ടു. എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമോ പകരംവീട്ടലോ എന്താണെന്ന് അറിയില്ല. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെ അടുത്തെത്തി ചോദിച്ചു; എന്റെ ലെഫ്റ്റ് സൈഡില്‍ ഇരിക്കേണ്ടവളായിരുന്നില്ലേടി നീ…’ ജയസൂര്യ പറയുന്നു. വീട്ടിലെത്തിയ ഉടനെ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നവളാണ് സരിതയെന്നും ജയസൂര്യ പറഞ്ഞു.