ജല്ലിക്കെട്ടിലൂടെ മലയാള സിനിമ ഓസ്‌കർ നേടുമോ..?

September 20, 2019

മലയാള സിനിമ ലോക സിനിമയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.. മലയാള സിനിമയ്ക്ക് ഒരു ഓസ്കർ ലഭിയ്ക്കുമെങ്കിൽ അത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആയിരിക്കുമെന്ന് അടുത്തിടെ സംവിധായകൻ ടി കെ രാജീവ് കുമാർ പറഞ്ഞിരുന്നു. ഈ വാക്കുകൾ യാഥാർഥ്യമാകുമോ..? ലോകം മുഴുവനുമുള്ള സിനിമ പ്രേമികൾ ഉറ്റുനോക്കുകയാണ് ജെല്ലിക്കെട്ട് എന്ന ലിജോ ജോസ് ചിത്രത്തിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെ വിരിയുന്ന വിസ്മയങ്ങൾ മലയാള സിനിമ എന്നും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗംഭീര അഭിപ്രായം നേടിയ ജെല്ലിക്കെട്ടിനെ വാനോളം പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങളും പ്രശ്‌സത സിനിമാ നിരൂപകരും രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഇപ്പോൾ ലോകോത്തര വെബ്സൈറ്റായ റോട്ടൻടൊമാറ്റോയിലും ഇടംനേടിയിരിക്കുകയാണ്. ടൊറന്റോയിൽ ഹൊറർ, സയൻസ്ഫിക്‌ഷൻ വിഭാഗത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. ഈ ഗണത്തിൽ പ്രദർശിപ്പിച്ച നൂറ് കണക്കിന് ചിത്രങ്ങളിൽ നിന്നാണ് മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായി ജെല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പോലുള്ള പുരസ്‌കാരത്തിന് മത്സരിക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ.

Read also: ഇന്ത്യൻ ദേശീയ ഗാനം വായിച്ച് അമേരിക്കൻ ആർമി ബാൻഡ് ; കൈയടിച്ച് സോഷ്യൽ മീഡിയ  

നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആമേൻ’, ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലിജോ ജോസ് പെല്ലിശേരിയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. വിനായകനെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതുമുതൽ ആരാധകരുടെ ആകാംഷ വാനോളമാണ്. ഓരോ സിനിമയിലും വ്യത്യസ്ഥത പരീക്ഷിക്കുന്ന സംവിധായകന്റെ പുതിയ ചിത്രത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.