ഹൃദയം കീഴടക്കി ജോക്കർ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകർ, വീഡിയോ

September 5, 2019

ലോകം മുഴുവനുമുള്ള സിനിമ പ്രേമികളുടെ ഹൃദയത്തിൽ പതിഞ്ഞ മുഖമാണ് ഡാര്‍ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കറിന്റേത്. ഹീത്ത് ലെഡ്ജര്‍ ആണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. എന്നാൽ വെള്ളിത്തിരയിലെ വിസ്മയങ്ങളിൽ നിന്നും അദ്ദേഹം മാഞ്ഞപ്പോൾ ലോകമെങ്ങുമുള്ള സിനിമ പ്രേമികളുടെ ഉള്ളൊന്ന് പിടഞ്ഞു. എന്നാൽ അദ്ദേഹത്തിന് ശേഷം ആ കഥാപാത്രവുമായി ജോക്വിന്‍ ഫീനിക്‌സ് വെള്ളിത്തിരയിൽ എത്തിയപ്പോൾ ഏറെ സന്തോഷത്തോടെയും തെല്ലൊന്ന് അതിശയത്തോടെയുമാണ് ആരാധകർ അദ്ദേഹത്തെ നോക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രവുമായി വെള്ളിത്തിരയിൽ എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നതും.

ടോസ് ഫിലിപ്‌സിന്റെ ‘ജോക്കര്‍’ എന്ന ചിത്രത്തിലാണ് ജോക്വിന്‍ ഫീനിക്‌സ് വെള്ളിത്തിരയിൽ എത്തിയത്. ഫീനിക്‌സിന്റെ അതിശയിപ്പിക്കുന്ന പ്രകടനംകണ്ട് എട്ടു മിനിറ്റോളം എഴുന്നേറ്റ് നിന്ന് കൈയടിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ. വെനീസ് ചലച്ചിത്രമേളയിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

നിരവധി ജോക്കര്‍ കഥാപാത്രങ്ങള്‍ സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ലെഡ്ജറുടെ ജോക്കര്‍ തന്നെയാണ് എക്കാലത്തും ആരാധകര്‍ക്കിടയില്‍ സ്വീകാര്യനായത്. കഥാപാത്രത്തെ അനശ്വരമായി അവതരിപ്പിച്ചെങ്കിലും വെള്ളിത്തിരയില്‍ താന്‍ ചെയ്ത കഥാപാത്രത്തെ കാണാന്‍ ലെഡ്ജര്‍ക്കു സാധിച്ചിരുന്നില്ല. ലെഡ്ജറുടെ മരണശേഷമാണ് ഡാര്‍ക് നൈറ്റ് തീയറ്ററുകളിലെത്തിയത്. ഓസ്‌കര്‍ അവാര്‍ഡും ഈ കഥാപാത്രം നേടിയിരുന്നു.

Read also: ചുറ്റിനും ചെന്നായ്ക്കൾ, അമ്പരന്ന് കാഴ്ച്ചക്കാർ; ടെക്‌നോളജിയുടെ പുതിയ വിസ്‌മയങ്ങൾ കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ: വീഡിയോ 

ഫിലിപ്‌സ് തയാറാക്കുന്ന ‘ജോക്കര്‍’ എന്ന ചിത്രത്തിലെ കഥാ പ്രമേയം ഏറെ വിത്യസ്തമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ജോക്വിന്‍ ഫീനിക്‌സിന്റെ ജോക്കര്‍ രൂപവും ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മൂന്നു തവണ അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച താരമാണ് ജോക്വിന്‍  ഫീനിക്‌സ്.