”ജനറേഷന് ഗ്യാപ്പ് എന്ന ഒന്നില്ലെന്ന് ഉറപ്പിക്കുകയാണ് ജോഷിയുടെ ഫ്രെയിമുകള്‍”: കെ മധു
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രം. അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ ചെമ്പന്‍ വിനോദും ജോജു ജോര്‍ജും നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന് കെ മധു.
കെ മധു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കണ്ട് പുറത്തിറങ്ങിയപ്പോള്‍, ഞാനും ജോഷിയും തമ്മിലുള്ള ദൃഢ സൗഹൃദത്തിന്റെ ഓര്‍മ്മത്തിരകളും സുഖമുള്ള അലകളായി പൊങ്ങി ഉയര്‍ന്നു…. ചെന്നൈയില്‍ ഒരേ സ്റ്റുഡിയോയില്‍ രണ്ടിടത്തായി രണ്ട് വര്‍ക്കുകളുമായി ഒരേ സമയം പ്രവര്‍ത്തിച്ചനാളുകള്‍… ഞാന്‍ എം. കൃഷ്ണന് നായര്‍ സാറിന്റെ കൂടെ ജോലി ചെയ്യുന്നു .ജോഷി മൂര്‍ഖന്‍ എന്ന സിനിമയുടെ ജോലിത്തിരക്കിലും. ആ സമയത്ത് സ്റ്റുഡിയോയില്‍ എത്തിയ കൊച്ചിന് ഹനീഫ എന്നെ ചൂണ്ടി ജോഷിയോട് പറഞ്ഞു:
‘ ഇത് മധു വൈപ്പില്‍ , അടുത്ത മിടുക്കനായ സംവിധായകന് ‘. അന്നു മുതല്‍ ഞാനും ജോഷിയും അടുത്ത സുഹൃത്തുക്കളായി മാറി..ഇന്നും ആ സൗഹൃദം ഒളിമങ്ങാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നു .
കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരില്‍ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോള്‍. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയില്‍ അതിയായി സന്തോഷിക്കുന്നു.
ജനറേഷന് ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകള്‍.
പൊറിഞ്ചുവായി തിരശീലയില്‍ എത്തിയ ജോജു ജോര്‍ജ്ജ് കഥാപാത്രത്തെ തന്നോട് ചേര്‍ത്ത് വച്ചിട്ടുണ്ട്. പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഞങ്ങളുടെ തലമുറയിലെ സിനിമയില്‍ പച്ചപ്പായി നിലനിന്നിരുന്നു എന്നതും ഒര്ക്കാന് സുഖമുള്ള കാര്യം. കാലമെത്ര കഴിഞ്ഞാലും സിനിമ താളബോധം നഷ്ടപ്പെടാത്ത സംവിധായകര്‍ക്ക് ഒപ്പം തന്നെ നിലയുറപ്പിക്കും എന്ന് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അടിവരയിട്ട്. തെളിയിക്കുന്നു .