വിശന്നിരിക്കുന്ന കുഞ്ഞനിയത്തിക്ക് ഭക്ഷണമുണ്ടാക്കികൊടുക്കുന്ന ചേട്ടൻ; സ്നേഹ വീഡിയോ

September 21, 2019

മാതൃസ്നേഹം പോലെ തന്നെ ആർദ്രമാണ് സഹോദര സ്നേഹവും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു കുഞ്ഞുചേട്ടന്റെ അനിയത്തിയോടുള്ള സ്നേഹം പ്രകടമാക്കുന്ന വീഡിയോ. വിശന്നിരിക്കുന്ന കുഞ്ഞനിയത്തിക്ക് വേണ്ടി വളരെ വേഗത്തിൽ ഭക്ഷണമുണ്ടാക്കികൊടുക്കുന്ന ചേട്ടനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കാഴ്ചയില്‍ നാലോ അഞ്ചോ വയസ് പ്രായം കാണും ചേട്ടന്. അനിയത്തിക്ക് രണ്ടോ മൂന്നോ വയസും. വലിയ ഒരു പാത്രത്തിലാണ് ആണ്‍കുട്ടി ഭക്ഷണം പാചകം ചെയ്യുന്നത്. ചേട്ടന്റെ അരികത്തായി ഇരിക്കുന്ന കുഞ്ഞനിയത്തിയേയും വീഡിയോയിൽ കാണാം. അടുപ്പത്തിരിക്കുന്ന പാത്രത്തിൽ എണ്ണ ഒഴിക്കുന്നതും അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുന്നതും പച്ചക്കറി ഇടുന്നതും, അരി ഇടുന്നതുമൊക്കെ കാഴ്ച്ചയിൽ വ്യക്തമാണ്. എഗ് ഫ്രൈഡ് റൈസ് ആണ് ചേട്ടന് കുഞ്ഞനിയത്തിക്കായി ഉണ്ടാക്കികൊടുക്കുന്നത്.

Read also: ആകാശത്ത് മേഘപാളികൾക്കിടയിൽ മോഹൻലാൽ; കൗതുകമെന്ന് സോഷ്യൽ മീഡിയ, അഭിനന്ദിച്ച് ലാലേട്ടൻ

പാകമായ ഭക്ഷണം രണ്ട് പാത്രങ്ങളിലാക്കിയ ശേഷം ചേട്ടൻ അനിയത്തിക്ക് സ്പൂണില്‍ കോരി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഒപ്പം അവനും കഴിക്കുന്നുണ്ട്.

ഇന്‍ഡോനേഷ്യക്കാരനായ മുഹമ്മദ് ഇക്ബാല്‍ ആണ് ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ഇതിനോടകം എട്ടായിരത്തിലധികം ആളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.