സുകുമാരക്കുറുപ്പായി ദുൽഖർ; ശ്രദ്ധേയമായി ‘കുറുപ്പി’ലെ ചിത്രം

September 3, 2019

മലയാളത്തിലും ബോളിവുഡിലും തിരക്കുള്ള നടനായി മാറിയ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ദുൽഖറിന്റെ പുതിയ ഗെറ്റപ്പ്.

ശ്രീനാദ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് താരം നേരത്തെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ദുല്‍ഖറിനെ കൂടാതെ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷൂറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

Read also: വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി ടൊവിനോ; ‘നിങ്ങൾ മഴ നനയുമ്പോൾ ഞാൻ എങ്ങനെ കുട ചൂടും’, വീഡിയോ 

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്. ജിതിന്‍ കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ സൽമാനാണ്.