മുള്ളന്‍പന്നിയെ പിടിക്കാന്‍ പതിനെട്ട് അടവും പയറ്റി പുള്ളിപ്പുലി, വട്ടം കറക്കി മുള്ളന്‍പന്നിയും: രസകരം ഈ പോരാട്ട വീഡിയോ

September 7, 2019

മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചില കുസൃതികള്‍ കാഴ്ചയ്ക്ക് ഏറെ രസകരമാണ്. ഇത്തരം ചില കാഴ്ചകള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു പുള്ളിപ്പുലിയും മുള്ളന്‍പന്നിയും. മുള്ളന്‍പന്നിയെ പിടിക്കാന്‍ നോക്കുകയാണ് പുള്ളിപ്പുലി. എന്നാല്‍ പിടി കൊടുക്കാതെ പുള്ളിപ്പുലിയെ വട്ടം കറക്കുകയാണ് ഈ മുള്ളന്‍പന്നി. കേള്‍ക്കുമ്പോള്‍ മുത്തശ്ശിക്കഥ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്.

സാധാരണ മുള്ളന്‍പന്നികളെ മറ്റ് മൃഗങ്ങള്‍ കാര്യമായി വേട്ടയാടാറില്ല. ഇവയുടെ ശരീരത്തിലെ കൂര്‍ത്ത മുള്ളുകള്‍ തന്നെയാണ് കാരണം. മുള്ളന്‍പന്നിയോട് ഏറ്റുമുട്ടുന്നവരില്‍ ഭൂരിഭാഗവും പരാജയപ്പെടാറാണ് പതിവും. ഇവിടെയും അങ്ങനെതന്നെ. മുള്ളന്‍പന്നിയെ പിടിക്കാന്‍, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുള്ളിപ്പുലി പരാജയപ്പെട്ടു. രസകരവും അതേസമയം കൗതുകകരവുമായ ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

Read more:ദേ, ഇതാണ് ശരിയ്ക്കും ക്യാറ്റ് വോക്ക്: അതിശയിപ്പിക്കും ഈ ‘പൂച്ച നടത്തം’: വീഡിയോ

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ കാഴ്ച. രാത്രിയില്‍ പാര്‍ക്കിലൂടെ സഞ്ചരിച്ച ഗെറിറ്റ് മേയര്‍ എന്ന റേഞ്ചറുടെ വാഹനത്തിനു മുന്നിലായിരുന്നു ഈ പോരാട്ടം അരങ്ങേറിയത്. അദ്ദേഹം രസകരമായ ഈ പോരാട്ടം പകര്‍ത്തുകയും ചെയ്തു. എന്തായാലും ചിരി നിറയ്ക്കുന്ന ഈ പോരാട്ടം സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.