‘ഈ ചേട്ടനാരാ..’ നിവിനെ നോക്കി പെണ്‍കുട്ടിയുടെ ചോദ്യം; ചിരിവീഡിയോ

September 18, 2019

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയുടെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായ ഒരു ചിരിനിമിഷമാണ് ഈ വീഡിയോ. അജു വര്‍ഗീസാണ് രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ലൗ ആക്ഷന്‍ ഡ്രാമയുടെ ചെന്നൈയിലെ സെറ്റില്‍ വച്ചു നടന്നതാണ് ഈ സംഭവം. നിവിന്റെ ആരാധികയായ ഒരു കുട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനെത്തുന്നു. കൂടെ ഒരു കൂട്ടുകാരിയുമുണ്ട്. ഓട്ടോഗ്രാഫ് വാങ്ങിയ നിവിനെ നോക്കി ‘ഇതാരാണെന്ന് കൂട്ടുകാരി ചോദിക്കുന്നു. ഉടന്‍തന്നെ ‘ഇത് ഹീറോ’ എന്ന് ആരാധിക കൂട്ടുകാരിയോട് പറയുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കിയ ശേഷം ‘ഞാന്‍ ആരാണെന്ന്’ എന്ന നിവിന്‍ പോളിയുടെ ഡയലോഗും.

 

View this post on Instagram

 

ഞാൻ ആരാണെന്ന് ??? Shooting location scenes, Chennai

A post shared by Aju Varghese (@ajuvarghese) on


മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു.