ശ്രദ്ധേയമായി മാമാങ്കത്തിന്റെ ഗ്രാഫിക്കൽ ടീസർ; വീഡിയോ
മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പഴശ്ശിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കൈയില്‍ വാളും പരിചയുമേന്തി മമ്മൂട്ടി എത്തുന്ന ചിത്രംകൂടിയാണ് മാമാങ്കം. ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകരാണ് പുതിയ ലുക്ക് പുറത്തുവിട്ടത്.
ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതും. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാന് ആണ് മാമാങ്കത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.
എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നവാഗതനായ സജീവ് എസ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ചിത്രത്തിന്റെ തുടക്കം. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സജീവ് എസ് പിള്ള പിന്മാറുകയും എം പത്മകുമാര്‍ ചിത്രം ഏറ്റെടുക്കുകയുമായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അമ്പത് കോടിയോളം മുതല്‍മുടക്കിയാണ് ചിത്രത്തിന്റെ നിര്‍മ്മാണമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം മലയാളത്തിനു പുറമെ മലയാളത്തിനുപുറമെ തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.