പിറന്നാള്‍ നിറവില്‍ മമ്മൂട്ടി; ആശംസകളോടെ ചലച്ചിത്രലോകം

September 7, 2019

മലയാളത്തിലെ എക്കാലത്തെയും മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. താരത്തെ തേടിയെത്തുന്ന ആശംസകളും നിരവധിയാണ്. ചലച്ചിത്ര രംഗത്തിന് പുറമെ നിരവധി ആരാധകരും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

നിരവധി ആരാധകര്‍ അര്‍ധരാത്രി താരത്തിന് ആര്‍പ്പുവിളിച്ചുകൊണ്ടും ആശംസകള്‍ നേര്‍ന്നുകൊണ്ടും മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിയിരുന്നു. വീട്ടുപടിക്കല്‍ തടിച്ചുകൂടിയ ആരാധകരെ മമ്മൂട്ടി പുറത്തിറങ്ങി അഭിവാദ്യം ചെയ്തു.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Read more:‘പണി അറിയാവുന്നത് കൊണ്ടുതന്നെയാ പിടിച്ചു നില്‍ക്കുന്നത്’; ശ്രദ്ധേയമായി ‘ഗാനഗന്ധര്‍വ്വന്‍’ ട്രെയ്‌ലര്‍

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ‘സിനിമയിലെ ഗുരുനാഥന്‍,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങള്‍ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകള്‍ പകര്‍ന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യന്‍.ബോംബെ മാര്‍ച്ചിലെ ഷാജഹാന്‍ മുതല്‍ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രം വരെ അങ്ങ് എന്നില്‍ അര്‍പ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്. എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ ആവില്ല മമ്മുക്ക അങ്ങയെ,ഈ അനിയന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.