“ഇക്ക, നിങ്ങളെ കണ്ടാല്‍ ദുല്‍ഖറിന്‍റെ അനിയനെപോലുണ്ടല്ലോ” എന്ന് ആരാധകന്‍; രസികന്‍ മറുപടിയുമായി മമ്മൂട്ടി ലൈവില്‍: വീഡിയോ

September 26, 2019

ഫെയ്‌സ്ബുക്ക് ലൈവില്‍ അത്ര സജീവമല്ലാത്ത മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു ലൈവിലെത്തി. രമേഷ് പിഷാരടിക്കൊപ്പമായിരുന്നു ഈ ലൈവ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനാണ് ഇരുവരും ലൈവിലെത്തിയത്.

ലൈവിലെത്തിയ മമ്മൂട്ടി രമേഷ് പിഷാരടിക്കൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. ‘ഇക്കാ നിങ്ങളെ കണ്ടാല്‍ ദുല്‍ഖറിന്റെ ഇളയ സഹോദരനാണെന്നേ പറയൂ…’ എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ കമന്റ്. ഈ കമന്റിന് ചിരിച്ചുകൊണ്ട് ‘ദുല്‍ഖര്‍ ഇത് കേള്‍ക്കണ്ട’ എന്ന രസികന്‍ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്. ‘ലൈവില്‍ ആദ്യമാണ്. ചീത്ത വിളിക്കുമോ എന്തോ’ എന്നു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ലൈവില്‍ പ്രത്യക്ഷപ്പെട്ടതുതന്നെ.

പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തികച്ചും വിത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുറ്റിത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക.

മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.