സ്വര്‍ണ്ണം സമ്മാനമായി നല്‍കി അപരിചിതന്‍; നിറകണ്ണുകളോടെ യുവാവ്: സ്നേഹവീഡിയോ

September 25, 2019

ദിവസേന എത്രയോ അപരിചിതമായ മുഖങ്ങളാണ് നാം കാണുന്നത്. ഒരു പരിചയവുമില്ലാത്ത ഒരാള്‍ അരികില്‍ വന്ന് ഒരു സമ്മാനം നല്‍കിയാലോ. അതും ഒരല്പം വിലപിടിപ്പുള്ള സമ്മാനം… അബുദാബിയില്‍ നടന്ന ഇത്തരമൊരു സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്.

അബുദാബി ബിഗ് ടിക്കറ്റിന്റെ അവതാരകന്‍ റിച്ചാര്‍ഡാണ് അപരിചിതനായ മുഹമ്മദ് അബ്ദുള്‍ താഹിര്‍ എന്ന യുവാവിന് സ്വര്‍ണ്ണം സമ്മാനമായി നല്‍കിയത്. അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ ഈ സ്‌നേഹക്കാഴ്ചയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.

‘ആരുടെയെങ്കിലും ഒരു ദിവസത്തെ ജീവിതം സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് ബിഗ് ടിക്കറ്റ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

റോഡിലൂടെ നടന്നുവരികയായിരുന്നു ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ്. താഹിര്‍ എന്ന ചെറുപ്പക്കാരനെ വഴിയില്‍ കണ്ട റിച്ചാര്‍ഡ് അദ്ദേഹത്തിന്റെ അരികിലേയ്ക്ക് നടന്നു. ‘ഈ മാസം നിങ്ങളെ ഞാന്‍ സഹായിക്കട്ടെ’ എന്നു ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. സംഭാഷണം തുടര്‍ന്നുകൊണ്ട് ഇരുവരും നടന്നു. ഇതിനിടയില്‍ റിച്ചാര്‍ കൈയില്‍ കരുതിയ സ്വര്‍ണനാണയം താഹിറിന് സമ്മാനിച്ചു.

അതേസമയം ഈ സമ്മാനം എന്തുചെയ്യണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന റിച്ചാര്‍ഡിന്റെ ചോദ്യത്തിന് ‘ഞാനിത് വില്‍ക്കുകയും പണം നാട്ടിലെ കുടുംബത്തിന് അയക്കുകയും ചെയ്യും’ എന്നായിരുന്നു താഹിറിന്റെ മറുപടി. താന്‍ വളരെ സന്തുഷ്ടനും ഭാഗ്യവാനാണെന്നും താഹിര്‍ പറഞ്ഞു.

താഹിറിന്റെ കുടുംബം ഈ മാസം വളരെ സന്തോഷിക്കുമെന്നും അബുദാബിയില്‍ ഈ സമ്മാനം ലഭിയ്ക്കുന്ന ഏക വ്യക്തിയാണ് താങ്കള്‍ എന്നും റിച്ചാര്‍ഡ് പറഞ്ഞു. സംഭാഷണം അവസാനിപ്പിച്ച് റിച്ചാര്‍ഡ് മടങ്ങിയപ്പോള്‍ സന്തോഷംകൊണ്ട് താഹിറിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.