കണ്ടിട്ടുണ്ടോ, ‘മണിച്ചിത്രത്താഴിന്’ ഇങ്ങനൊരു ട്രെയ്‌ലര്‍: വീഡിയോ

September 2, 2019

തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും മുമ്പേ മിക്ക സിനിമകളും ഇന്ന് പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്. ഇതിനു കാരണം തന്നെ ചിത്രത്തിന്റെ റിലീസിന് മുമ്പേ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുന്ന സിനിമയുടെ ടീസറുകളും ട്രെയ്‌ലറുകളുമൊക്കെയാണ്. പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷകളും ആകാംഷയുമൊക്കെ സമ്മാനിക്കാന്‍ ഇത്തരം ട്രെയ്‌ലറുകള്‍ക്ക് കഴിയുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ട്രെയ്‌ലറുകള്‍ക്ക് ലഭിയ്ക്കാറുള്ളതും.

എന്നാല്‍ ടീസറും ട്രെയ്‌ലറും ഒന്നും ഇറങ്ങാതെതന്നെ തീയറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളും നിരവധിയാണ്. മണിച്ചിത്രത്താഴും ദേവദൂതനുമെല്ലാം പ്രേക്ഷകര്‍ ഇന്നും നെഞ്ചിലേറ്റുന്ന ചിത്രങ്ങളാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ട്രെയ്‌ലര്‍ ഇറങ്ങിയിരുന്നെങ്കിലോ…? ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചില ചെറുപ്പക്കാര്‍ ഈ ചിത്രങ്ങള്‍ക്ക് ഒരുക്കിയ ട്രെയ്‌ലറുകള്‍.

Read more:അന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടി കൈയടി നേടി; രാണു മൊണ്ടാല്‍ സിനിമയില്‍ പാടിയ ആ ഗാനമിതാ

മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുണ്ട് മണിച്ചിത്രത്താഴിന് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറിന്. ആകാംഷയും സസ്‌പെന്‍സുമൊക്കെ നിറച്ചാണ് ചിത്രത്തിന് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. 1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം മികച്ച പ്രതികരണം നേടി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രംകൂടിയാണ് മണിച്ചിത്രത്താഴ്.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കൂടാതെ ദേവദൂതന്‍ എന്ന ചിത്രത്തിന് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറും ശ്രദ്ധ നേടുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ദേവദൂതന്‍. ജയപ്രദ, ജനാര്‍ദ്ദനന്‍, മുരളി, ജഗതി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.