സാരിയുടുത്ത് കുട്ടി സുന്ദരിയായ് വേദിയില്‍; ഈ താരത്തെ മനസിലായോ എന്ന് സോഷ്യല്‍ മീഡിയ

September 12, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ബാല്യകാല ഓര്‍മ്മകളും  സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ ഒരു ബാല്യകാല ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് മഞ്ജു വാര്യരും ചിത്രം ഷെയര്‍ ചെയ്തതോടെ ഫോട്ടോ വൈറലായി. നിരവധി പേര്‍ മഞ്ജു വാര്യരുടെ ഈ കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ട് ‘ചിത്രത്തിലെ ആളെ കണ്ടെത്താമോ’ എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“സ്‌റ്റേജില്‍ എന്റെ കഥാപാത്രം പറയേണ്ട വരികള്‍ മഞ്ജു പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ഞാന്‍” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മധു വാര്യര്‍ കുറിച്ചത്. ഒരു കാലത്ത് യുവജനോത്സവ വേദികളില്‍ സജീവമായിരുന്നു മഞ്ജു വാര്യരും സഹോദരന്‍ മധു വാര്യരും.

മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം ധനുഷ് നായകനായെത്തുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ആണ് അസുരന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.