അത്രമേല്‍ സുന്ദരം ഈ ‘മനോഹരം’: റിവ്യു വായിക്കാം

September 27, 2019

മനോഹരത്തിന് മറ്റൊരു ടാഗ് ലൈന്‍ ആവശ്യമില്ല. സിനിമ പേരു പോലെ മനോഹരമാണ്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മനോഹരം എന്ന ചിത്രവുമായി അന്‍വര്‍ സാദിഖ് എത്തുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ അയാളെത്തി നില്‍ക്കുന്നത് അഭിനന്ദനാര്‍ഹമായ ഇടത്തു തന്നെയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍, നുറുങ്ങു കോമഡികളും മനോഹര ഗാനങ്ങളും ഉള്‍പ്പെടെ ഫാമിലി ഓഡിയന്‍സിന് ആസ്വദിക്കാന്‍ പറ്റുന്നതെല്ലാം സിനിമയിലുണ്ട്.

വളരെ മികച്ച ഒരു ചിത്രകാരനാണ് മനോഹരന്‍. സ്‌കൂള്‍ കലോത്സവത്തില്‍ മനോഹരന്റെ ചിത്രരചനയില്‍ നിന്ന് തുടങ്ങുന്ന സിനിമ വികാസം പ്രാപിക്കുന്നത് അവന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുവടു പിടിച്ചാണ്.

സെല്‍ഫ് ബിലീഫ് തീരെയില്ലാത്ത, അനാവശ്യമായ കോംപ്ലക്‌സുകളുള്ള ഒരു നാട്ടിന്‍ പുറത്തുകാരന്‍. അവന്‍ ആരെയൊക്കെയോ ബോധിപ്പിക്കാനായി നാട്ടിലെ ആദ്യത്തെ ഫഌ്‌സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങുകയാണ്. പക്ഷേ, അത് വിചാരിക്കും പോലെ നന്നാവുന്നില്ല. പലതരം ഇമോഷണല്‍ ചാഞ്ചാട്ടങ്ങളിലൂടെ മുന്നേറുന്ന കഥാഗതി അവസാനം ആകുമ്പോഴേക്കും മനോഹരന്റെ തിരിച്ചറിവിലും സെല്‍ഫ് ബിലീഫിലും അവസാനിക്കുകയാണ്. സിനിമ അവസാനിച്ച് എന്‍ഡ് ക്രെഡിറ്റ് പ്രത്യക്ഷപ്പെടുമ്പോള്‍ മൃദുവായി ഒന്നു കയ്യടിച്ച് മനസ്സ് നിറഞ്ഞ് തിയറ്റര്‍ വിടാം.ഒന്നാമതായി വിനീത് ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ ജീവന്‍. സമീപകാലത്തായി അഭിനയ കലയില്‍ ഏറെ വികാസം പ്രാപിച്ച നടനെന്ന ലേബല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വിനീതിനു സാധിച്ചിട്ടുണ്ട്. വിശേഷിച്ചും വിനീതിന്റെ പ്രണയമൊക്കെ മനോഹരമായിട്ടുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ രവി പദ്മനാഭന്‍ എന്ന കഥാപാത്രത്തിലൂടെ കോമഡി തരക്കേടില്ലാതെ കൈകാര്യം ചെയ്ത വിനീത് മനോഹരത്തിലെത്തുമ്പോള്‍ അത് തുടരുകയാണ്.

മനോഹരന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയും പിന്നെ അയാളുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ശ്രീജയായി വേഷമിട്ട അപര്‍ണയും ഗംഭീരമാക്കി. നായികയായി അഭിനയിക്കുന്ന ആദ്യ സിനിമയുടെ പകപ്പുകളില്ലാതെ അനായാസമാണ് അപര്‍ണ ശ്രീജയായി പരകായ പ്രവേശം നടത്തിയത്. ഓണ്‍ സ്‌ക്രീനില്‍ വിനീതും ശ്രീജയും തമ്മിലുള്ള കെമിസ്ട്രിയും മനോഹരമായി. വിശേഷിച്ചും ബസ് സ്റ്റോപ്പില്‍ ഇരുവരും പ്രണയം പറയാതെ പറയുന്ന ഒരു സീനുണ്ട്. അതാണ് സിനിമയിലെ ഹൈലറ്റ്.

മനോഹരന്റെ അടുത്ത സുഹൃത്ത് പ്രഭു ആയി വേഷമിട്ട ബേസില്‍ ജോസഫും നടന്‍ എന്ന നിലയില്‍ കൂടുതല്‍ മികവിലേക്കാണ്. കോമഡി ടൈമിംഗ് ഒക്കെ വളരെ നന്നായി. സിനിമയുടെ മൂഡ് ലൈറ്റ് ആക്കുന്നതില്‍ ബേസിലിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. അതിനോടൊപ്പമാണ് ഹരീഷ് കണാരന്റെ കഥാപാത്രം. ഇതുവരെ കണ്ടതില്‍ നിന്നും ട്രാക്ക് മാറി കോമഡി കൈകാര്യം ചെയ്ത ഹരീഷ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലെ കൈതേരി സഹദേവനില്‍ നിന്നും പൂര്‍ണ്ണമായി പുറത്തു കടന്ന ചിത്രവും ഇത് തന്നെയാണ്. ഇന്ദ്രന്‍സ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ചെയ്തു വന്ന സീരിയസ് റോളുകളില്‍ നിന്ന് തമാശ റോളിലേക്ക് കൂടുമാറ്റം നടത്തിയതും നന്നായി.രാഹുല്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് ചെറു വേഷങ്ങളിലൂടെ തുടര്‍ന്നു വന്ന തന്റെ സിനിമാ ജീവിതം അടുത്ത ട്രാക്കിലേക്ക് ഗതിമാറ്റാനുള്ള മൈലേജ് കാഴ്ച വെച്ചു. വളരെ അനായാസം രാഹുലിനെ പകര്‍ന്നാടിയ അദ്ദേഹത്തെ വരുംവര്‍ഷങ്ങളില്‍ കൂടുതലായി മലയാള സിനിമ ഉപയോഗിച്ചേക്കാം. നന്ദിനി, അഹ്മദ് സിദ്ദിഖ്, വികെ പ്രകാശ് എന്നിങ്ങനെ സ്‌ക്രീനില്‍ വന്നു പോയവരൊന്നും മോശമാക്കിയില്ല.

പാട്ടുകളാണ് സിനിമയുടെ മറ്റൊരു സവിശേഷത. സിനിമയുടെ കഥാഗതിയെ തടസ്സപ്പെടുത്താതെ അനായാസം പാടിപ്പോകുന്ന ഗാനങ്ങള്‍ സിനിമയുമായി ചേര്‍ന്നു പോയി. സഞ്ജീവ് തോമസും ജിയോ പോളും പാട്ടുകളുടെ മനോഹാരിത കൊണ്ട് കയ്യടി അര്‍ഹിക്കുന്നു. ജെബിന്‍ ജേക്കബിന്റെ ഫ്രെയിമുകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. പാലക്കാടന്‍ സൗന്ദര്യം വളരെ ഗംഭീരമായിത്തന്നെ ജെബിന്‍ ക്യാമറയിലാക്കിയിട്ടുണ്ട്.

പ്രമേയംകൊണ്ടും മനോഹരം എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. മനോഹരമായ ഒരു കഥാതന്തു അതിമനോഹരമായി ദൃശ്യവത്കരിച്ചു എന്നതിനപ്പുറം, ഇത്തരമൊരു കഥ സിനിമയാക്കാന്‍ മുന്നിട്ടിറങ്ങിയ നിര്‍മാതാക്കള്‍ക്ക് കൊടുക്കണം കൈയടി!

പണ്ട് ചെമ്മീന്‍ സിനിമയില്‍ കറുത്തമ്മയുടെ വിവാഹം നടന്നതിന്റെ കാഴ്ച മുഴുവന്‍, വാഴയിലയിലെ എച്ചില്‍ കാക്കകള്‍ തിന്നു തീര്‍ക്കുന്ന ഒറ്റ ഷോട്ടില്‍ കാണിച്ച് അനുവാചകരെ ഞെട്ടിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. അത്തരത്തില്‍ ഒരു കൂട്ടം ഇമേജറീസ് മനോഹരത്തില്‍ അതിഗംഭീരമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.

അലിഭായ് എന്ന കഥാപാത്രമായി മനോഹരത്തില്‍ നിര്‍ണായക വേഷം കൈകാര്യം ചെയ്ത ദില്ലി ഗണേശ് എന്ന മെത്തേഡ് ആക്ടര്‍, സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞാടിയപ്പോള്‍, പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഗ്രാമ്യ ഭംഗി. നൈര്‍മല്യം, സത്യസന്ധമായ ഇടപെടല്‍, എല്ലാം ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. സംവിധായകനെ നമിക്കാതെ വയ്യ! പണ്ട്, സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ക്കാവടി റിലീസ് ചെയ്തപ്പോള്‍ ഉള്ള ഒരു ഫീല്‍!

മനോഹരം മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റുമെന്നുറപ്പ്! കാരണം, ഇതൊരു ചൂണ്ടുപലകയാണ്. നല്ല സിനിമയെ കൈപിടിച്ചുയര്‍ത്താന്‍ നല്ല നിര്‍മാതാക്കള്‍ മുന്നോട്ടു വരണം എന്നതിന്റെ ദിശാസൂചിക!

കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന, മനോഹരമായ ഒരു ചിത്രമാണ് മനോഹരം