കാണാതായിട്ട് 22 വര്‍ഷം, ഒടുവില്‍ ഗൂഗിള്‍ മാപ്പ് കണ്ടെത്തി; മൃതദേഹമുള്ള ആ കാര്‍: അത്ഭുതപെട്ട് സോഷ്യല്‍മീഡിയ

September 16, 2019

സസ്‌പെന്‍സ് നിറയ്ക്കുന്ന സിനിമാക്കഥകളും നോവലുകളുമൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ സിനിമാ കഥയെപോലും വെല്ലുന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

കാണാതായവരെ കണ്ടെത്തി പൊലീസുകാരും കുറ്റാന്വേഷണ ഏജന്‍സികളുമൊക്കെയാണ് സാധാരണ കൈയടി നേടാറുള്ളത്. എന്നാല്‍ ഈ കഥയില്‍ കൈയടി നേടുന്നത് സാക്ഷാല്‍ ഗൂഗിള്‍ മാപ്പാണ്. യാത്രയ്ക്കും മറ്റ് സേവനങ്ങള്‍ക്കുമായി നിരവധി പേര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പിന്റെ സാറ്റ്‌ലൈറ്റ് വ്യൂവിലൂടെ.

യുഎസിലെ ഫ്‌ളോറിഡയില്‍ താമസിച്ചിരുന്ന വില്യം മോള്‍ഡ് എന്ന വ്യക്തിയെ 1997 നവംബറിലാണ് കാണാതായത്. ഒരു നൈറ്റ് ക്ലബ് സന്ദര്‍ശിച്ച ഇദ്ദേഹം കാറില്‍ വീട്ടിലേയ്ക്ക് യാത്ര തിരിച്ചതായി കണ്ടവരുമുണ്ട്. എന്നാല്‍ പിന്നീട് വില്യം മോള്‍ഡിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

അടുത്തിടെ ഫ്‌ളോറിഡയിലെ വെല്ലിംഗ്ടണില്‍ താമസിയ്ക്കുന്ന ബാരി ഫെയ് എന്ന വ്യക്തിയാണ് സമീപത്തെ കുളത്തില്‍ മുങ്ങിക്കിടക്കുന്ന കാറിനെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഗൂഗിള്‍ മാപ്പിലാണ് തന്റെ വീടിന്റെ പുറകിലുള്ള കുളത്തില്‍ കാര്‍ മുങ്ങിക്കിടക്കുന്നതായി ബാരി ഫെയ് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനം പുറത്തെടുത്തപ്പോള്‍ കാറിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി.

പരിശോധനകള്‍ക്കൊടുവില്‍ ഈ അസ്ഥികൂടം വില്യം മോള്‍ഡിന്റേതാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മോള്‍ഡിന്റെ കാര്‍ എങ്ങനെയാണ് കുളത്തില്‍ വീണത് എന്നതിനെക്കുറിച്ച് ഇതുവരെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഇയാളുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.