നിവിൻ പോളി ഇനി അറിയപ്പെടുക അക്ബറിലൂടെ; മൂത്തോനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്

September 12, 2019

സിനിമ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മൂത്തോൻ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയുണ്ട്. ചിത്രീകരണം പൂർത്തിയായ ഗീതു മോഹൻദാസ് ചിത്രം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതിനു ശേഷം മാത്രമേ തിയേയറ്ററുകളിൽ എത്തുകയുള്ളൂ. എന്നാൽ ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ ഇടയായ ഒരു സിനിമ ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിൽ ജെറിൻ ചാക്കോയാണ് ചിത്രത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

ജെറിൻ ചാക്കോയുടെ ഫേസ്‍ബുക്ക് കുറിപ്പ് വായിക്കാം… 

എന്തായിരുന്നു നിവിനെ cast ചെയ്യാനുള്ള കാരണം? ഷോ കഴിഞ്ഞുള്ള മീറ്റിൽ ഗീതുവിനോട് പ്രേക്ഷകരിൽ ഒരാൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. അതിനു ഗീതു നൽകിയ മറുപടി എനിക്ക് INNOCENCE മുഖത്തുള്ള ഒരു നടനെ വേണമായിരുന്നു എന്നാണ്. പുറത്തു വന്നിരിക്കുന്ന പോസ്റ്ററും ടീസറും ഒക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിൽ എന്തിനാണ് INNOCENCE എന്ന്. അഥവാ ഉണ്ടെങ്കിൽ തന്നെ അതെങ്ങനെയാണ് നിവിന്റെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്ന്? അതിനുത്തരം ലഭിക്കാൻ ചിത്രം ഇറങ്ങുന്നത് വരെ നിങ്ങൾ കാത്തിരിക്കണം എന്നെ എനിക്കിപ്പോൾ പറയാനാവൂ.

അക്ബർ എന്ന പരിവേഷം അദ്ദേഹത്തെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമോ എന്ന് പലർക്കും സംശയം ആയിരുന്നു. ചിത്രം തുടങ്ങിയപ്പോൾ ഞാനും ഒന്ന് സംശയിച്ചു എന്ന് വേണേൽ പറയാം. പൊതുവെ ഡയലോഗ് ഡെലിവറിയുടെ പേരിൽ പഴികേൾക്കാറുള്ള നിവിന്റെ ആദ്യ ഡയലോഗ് ഹിന്ദിയിലായിരുന്നു. ഞെട്ടൽ NO.1 . ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ലക്ഷദ്വീപ് മലയാളത്തേക്കാൾ മികച്ചതായി അദ്ദേഹം ഹിന്ദി ഭാഷ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനു വേണ്ടിയെടുത്ത EFFORT നന്നായി കാണാനാവും.

നിവിന്റെ കഴിഞ്ഞ കുറെ സിനിമകളിലെ പ്രധാന ചർച്ചാവിഷയമായിരുന്നു അദ്ദേഹത്തിന്റെ തടി. മൂത്തോന് വേണ്ടി കൂട്ടിയ ശരീരഭാരം അദ്ദേഹത്തിന്റെ മറ്റു പല ചിത്രങ്ങൾക്കും വിനയായി മാറുകയായിരുന്നു. അത്ര മേൽ ആവശ്യമായിരുന്നോ ഈ ഗെറ്റപ്പ് ചേഞ്ച് ? അതെ എന്ന് ഇപ്പോൾ തോന്നുന്നു….സാധാരണ 6 PACK / ഫിറ്റ് ബോഡി കാണിക്കാൻ വേണ്ടി ഷർട്ട് ഊരിമാറ്റുന്ന നായകന്മാരെയാണ് നാം കാണുക….ഇതിൽ അക്ബറിന്റെ ശരീരത്തിന്റെ അഭംഗി കാട്ടിത്തരാൻ വേണ്ടി നിവിൻ ഷർട്ട് ഇല്ലാതെ സ്‌ക്രീനിൽ വരുന്നുണ്ട്.

അഭിനയത്തെ പറ്റി പറയുകയാണെങ്കിൽ, അക്ബർ എന്ന കഥാപാത്രം ചെയ്യാൻ വേറെ ഒരു നടനെക്കൊണ്ടും പറ്റില്ല എന്നുള്ള ഒരു അവകാശവാദവും ഉയർത്തുന്നില്ല. പക്ഷെ നിവിൻ പൊളിച്ചടുക്കി എന്ന് എടുത്തു പറയേണ്ട ചില രംഗങ്ങൾ ഉണ്ട്…അദ്ദേഹത്തിന്റെ 9 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള ചില മുഹൂർത്തങ്ങൾ (സെൻസർ ബോർഡ് വെട്ടി കളഞ്ഞില്ല എങ്കിൽ സ്‌ക്രീനിൽ കാണാം). അക്ബർ എന്ന ഗുണ്ടയെക്കാളും നിവിനെന്ന നടനെ പുറത്തുകൊണ്ടുവന്നത് അക്ബർ എന്ന ചെറുപ്പക്കാരനാണ്. നിവിൻ പോളി ഇനി എത്ര മോശം പ്രകടനം കാഴ്ചവെച്ചാലും, ഈ ഒരു കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പേരിൽ അറിയപ്പെടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ നിങ്ങൾ കണ്ടു വിലയിരുത്തുക.

പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. ഗീതു മോഹൻ ദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതിയ രൂപത്തിലാണ് നിവിൻ എത്തുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ .  സിനിമയുടെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ് നടന്നത്.