അന്ധത മറന്ന് അവള്‍ പാടി “നീ മുകിലോ…”; കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

September 2, 2019

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ചിലതുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ കൈയടികളോടെ വരവേല്‍ക്കുന്ന ചിലത്. അനന്യ എന്ന ഒരു കൊച്ചുമിടുക്കിയുടെ പാട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമായി ഈ കൊച്ചുമിടുക്കി പാടുന്നു, ആര്‍ദ്രമായി…. മധുരമായി…

അനന്യയുടെ കണ്ണുകള്‍ക്ക് കാഴ്ചയില്ല. കണ്ണിലെ ഇരുട്ട് മറന്ന് ഹൃദയത്തിലെ വെളിച്ചത്തെ കൂട്ടു പിടിച്ച് അവള്‍ പാടുകയാണ്. ‘നീ മുകിലോ….’ എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായാണ് അനന്യ ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഒന്നാകെ അനന്യയുടെ ആലാപനത്തിന് നിറഞ്ഞ് കൈയടിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിനോടകംതന്നെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയാണ് അനന്യ.

Read more:ഇഷ്ടതാരത്തിന് കാലുകൊണ്ടു ചിത്രം വരച്ചു നല്‍കി; പ്രണവിനൊപ്പം സെല്‍ഫിയെടുത്ത് സച്ചിന്‍: കൈയടിച്ച് സോഷ്യല്‍മീഡിയ

അടുത്തിടെ തീയറ്ററുകളിലെത്തിയ ‘ഉയരെ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

നീ മുകിലോ എന്ന മനോഹര പ്രണയഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ 25 നാണ് ഉയരെ തീയറ്ററുകളിലെത്തിയത്.