മമ്മൂട്ടി ആരാധകർക്ക് രമേഷ് പിഷാരടി ഒരുക്കിവച്ച സർപ്രൈസ്
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിന്റെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം രമേഷ് പിഷാരടി മമ്മൂട്ടി ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിവച്ചതായി അറിയിച്ചിരുന്നു. ഗാനഗന്ധർവന്റെ ടീസറും ട്രെയ്ലറും ഉടൻ എത്തുന്നുമെന്നതാണ് രമേഷ് പിഷാരടി ഒരുക്കിയ സർപ്രൈസ്. സെപ്തംബർ നാലാം തിയതി വൈകിട്ട് ഏഴ് മണിയ്ക്ക് ചിത്രത്തിന്റെ ടീസറും, സെപ്തംബർ ഏഴാം തിയതി 12 മണിയ്ക്ക് ചിത്രത്തിന്റെ ട്രെയ്ലറും പുറത്തുവിടും.
അതേസമയം കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ആവേശം പകർന്നുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി രമേഷ് എത്തിയത്. അതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
താരരാജാവ് മമ്മൂട്ടിയുടെ എല്ലാ കാലങ്ങളിലെയും മികച്ച സിനിമകളിലെ ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. ‘അതിരാത്രം’ മുതല്‍ ‘ഗ്രേറ്റ്ഫാദര്‍’ വരെയുള്ള സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെയാണ് ടീസർ മുന്നോട്ട് പോകുന്നത്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.
‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു’, എന്ന വാക്കുകളോടെയാണ് പിഷാരടി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. അതേസമയം ചത്രത്തിൽ നാല് നായികമാരാണ് ഉണ്ടായിരിക്കുകയെന്നും, അതിൽ മൂന്ന് പേരും പുതുമുഖങ്ങൾ ആയിരിക്കുമെന്നുമാണ് സൂചന.