റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നും ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്; രാണുവിന്റെ ജീവിതം സിനിമയാകുന്നു

September 25, 2019

ചിലർ അങ്ങനെയാണ് ഒരൊറ്റ ക്ലിക്കിലൂടെ ചിലപ്പോൾ ജീവിതം തന്നെ മാറിയേക്കാം…റെയിൽവേ പ്ലാറ്റ്‌ഫോമിലെ ഗായികയിൽ നിന്നും ചലച്ചിത്ര പിന്നണിഗായികയിലേക്ക് രാണു മൊണ്ടാൽ നടന്നുകയറിയത് ഒരൊറ്റ ക്ലിക്കിലൂടെയായിരുന്നു.

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനില്‍വച്ചു ലതാ മങ്കേഷ്‌ക്കറുടെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച ഗായികയാണ് രാണു മൊണ്ടാൽ. ഗാനമികവുകൊണ്ട് സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയ രാണുവിനെത്തേടി നിരവധിപ്പേരാണ് അഭിനന്ദനപ്രവാഹവുമായി എത്തിയത്.

വീഡിയോ വൈറലായതോടെ നിരവധി അവസരങ്ങളും രാണുവിനെ തേടിയെത്തി. ഇപ്പോഴിതാ ഒരു സിനിമയ്ക്കു വേണ്ടി രാണു പാട്ട് പാടിയിരിക്കുകയാണ്. ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാണു പാട്ട് പാടിയിരിക്കുന്നത്. ‘ഹാപ്പി ഹാര്‍ഡി’ എന്ന ചിത്രത്തിലെ തേരി മേരി കഹാനി… എന്നു തുടങ്ങുന്ന ഗാനമാണ് രാണു ആലപിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളില്‍ പാടാനും മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനുമൊക്കെ ഓഫറുകള്‍ വരുന്നുണ്ട് രാണു മൊണ്ടാലിന്.

ഇപ്പോഴിതാ രാണുവിന്റെ ജീവിതം സിനിമയാകുന്നുവെന്നാണ് പുതിയ വിവരം. ഹൃഷികേഷ് മണ്ഡല്‍ ആണ് രാണുവിന്റെ ജീവിതം സിനിമയാക്കുന്നത്. രാണുവിനെ അവതരിപ്പിക്കുന്നതിനായി ബംഗാളി നടി സുദിപ്ത ചക്രവര്‍ത്തിയെ സമീപിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.