‘ക്രിക്കറ്റ്’; അതെന്നും സച്ചിന് പ്രിയപ്പെട്ടത്: വീഡിയോ

September 28, 2019

ക്രിക്കറ്റ് ലോകത്ത് പകരംവയ്ക്കാനില്ലാത്ത ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സച്ചിന് ക്രിക്കറ്റ് ഇന്നും പ്രിയപ്പെട്ടതാണ്. ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടത്തില്‍ അല്‍പംപോലും കുറവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ.

വെള്ളം നിറഞ്ഞുകിടക്കുന്ന ക്രിക്കറ്റ് പിച്ചില്‍ തന്റെ സ്വയസിദ്ധമായ ശൈലിയില്‍ ബാറ്റു ചെയ്യുന്നതിന്റെ വീഡിയോ ആണ് സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഈ കളിയോടുള്ള സ്‌നേഹവും അഭിനിവേശവും എല്ലായ്‌പ്പോഴും പരിശീലനത്തിനുള്ള പുതിയ വഴികള്‍ കണ്ടെത്തുവാനും ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കാനും സഹായിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ സച്ചിന്‍ പങ്കുവച്ചത്.


ബാറ്റിങില്‍ സച്ചിന്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും താരം ക്രിക്കറ്റിലെ പല മേഖലകളിലും ഇപ്പോഴും സജീവമാണ്.

പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994 ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.