ആമിറിനെ നേരിൽകണ്ട് സച്ചിൻ; ഭിന്നശേഷി ക്രിക്കറ്റർക്ക് ഇതിഹാസത്തിന്റെ സ്നേഹസമ്മാനം!

February 24, 2024

ജമ്മു-കശ്മീർ അംഗപരിമിത ക്രിക്കറ്റ് ടീം നായകൻ ആമിർ ഹുസൈൻ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇരുകൈകളുമില്ലാത്ത ആമിർ താടിക്കും ചുമലിനും ഇടയില്‍ ബാറ്റ് തിരുകിവെച്ച് ബാറ്റ് ചെയ്യുന്നതും കാലുകൊണ്ട് പന്തെറിയുന്നതുമായിരുന്നു വീഡിയോ. സച്ചിന്റെ ജഴ്സി അണിഞ്ഞാണ് ആമിർ ക്രിക്കറ്റ് കളിച്ചിരുന്നത്. ഈ വീഡിയോ ശ്രദ്ധയിൽപെട്ട സച്ചിൻ ആമിറിനെ പ്രശംസിക്കുകയും നേരിട്ട് കാണണമെന്ന് ആ​ഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ( Sachin Tendulkar meets para cricketer Amir Hussain )

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബത്തോടൊപ്പം കശ്മീർ സന്ദർശനത്തിലാണ് സച്ചിൻ. ഈ സമയത്ത് അമീറിനെ നേരിട്ട് കാണണമെന്ന തന്റെ ആ​ഗ്രഹം സഫലമാക്കിയിരിക്കുകയാണ് സച്ചിൻ. ആമിറുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘യഥാർഥ നായകനായ ആമിറിന്. പ്രചോദനം നൽകുന്നത് തുടരുക! നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം’ എന്ന കുറിപ്പോടെയാണ് സച്ചിൻ വിഡിയോ പോസ്റ്റ് ചെയ്തത്. ആമിറിന് സ്നേഹസമ്മാനമായി ഒരു ബാറ്റും നൽകിയാണ് സച്ചിൻ മടങ്ങിയത്.

ചെറുപ്പം മുതൽ ക്രിക്കറ്റിനെ ജീവതാളം പോലെ കൊണ്ടുനടന്നിരുന്നു ഒരാളായിരുന്നു ആമിർ. ഇതിനിടയിൽ തന്റെ എട്ടാം വയസിൽ പിതാവിന്റെ തടിമില്ലിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആമിറിന്റെ രണ്ട് കൈകളും നഷ്ടമായി. എന്നാൽ ക്രിക്കറ്റിനെ കൈവിടാൻ ആമിറിന്റെ കുഞ്ഞുമനസിന് സാധിക്കുമായിരുന്നില്ല. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ പൊരുതിയ ആമീർ തന്റെ സ്വപ്നം നേടിയെടുക്കുകയായിരുന്നു. രണ്ട് കയ്യുമില്ലെങ്കിലും തന്റെ കാലുകൾ കൊണ്ട് ആമിർ പരിമിതികളെ മറികടക്കുകയായിരുന്നു. അങ്ങനെയാണ്
ആമിർ കാലു കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും തുടങ്ങുന്നത്.

അതോടൊപ്പം തന്നെ കാലു കൊണ്ട് പന്തെറിയാനും ബാറ്റ് ചുമലിനും താടിക്കും ഇടയില്‍ വച്ച് ബാറ്റിങ്ങും സ്വയത്തമാക്കി. ഇതിന്റെ വീഡിയോകൾ പ്രചരിച്ചതോടെ ആമിർ കൂടുതൽ ശ്രദ്ധയാകർശിച്ചു. ഇതോടെയാണ് ആമീർ അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിലെത്തുന്നതും നായകനാകുന്നതും.

Read Also : “അദ്ദേഹത്തിന്റെ പേരിലുള്ള ജേഴ്‌സി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു”; ആമിറിനെ ചേർത്ത് പിടിച്ച് സച്ചിൻ!

താരത്തിന്‍റെ വൈറലായ വിഡിയോയിൽ 34കാരനായ അമീർ സചിന്‍റെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ‘അസാധ്യമായത് അമീർ സാധ്യമാക്കുന്നു. ഇത് കണ്ടപ്പോൾ വല്ലാതെ സ്പർശിച്ചു! അദ്ദേഹത്തിന് കളിയോട് എത്രമാത്രം സ്നേഹവും അർപ്പണബോധവും ഉണ്ടെന്ന് ഇതിൽനിന്ന് മനസിലാകും. ഒരു ദിവസം ഞാൻ ആമിറിനെ കാണുമെന്നും അദ്ദേഹത്തിന്‍റെ പേരുള്ള ഒരു ജഴ്‌സി സ്വന്തമാക്കാനും പ്രതീക്ഷിക്കുന്നു. കളിയോട് അഭിനിവേശമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതിന് അയാൾക്ക് അഭിനന്ദനം’ -സച്ചിൻ അന്ന് വിഡിയോ പങ്കുവച്ച് എക്സിൽ കുറിച്ചു.

Story highlights: Sachin Tendulkar meets para cricketer Amir Hussain