“അദ്ദേഹത്തിന്റെ പേരിലുള്ള ജേഴ്‌സി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു”; ആമിറിനെ ചേർത്ത് പിടിച്ച് സച്ചിൻ!

January 13, 2024

ജമ്മു കശ്മീരിന്റെ പാരാ ക്രിക്കറ്റ് ക്യാപ്റ്റൻ അമീർ ഹുസൈൻ കേൾക്കുന്നവർക്കെല്ലാം പ്രചോദനമാണ്. ഇരുകൈകളുമില്ലത്ത ആമിർ കയ്‌പ്പേറിയ ജീവിത സാഹചര്യങ്ങളെ മറികടന്ന് 10 വർഷങ്ങളിലേറെയായി ക്രിക്കറ്റ് കളിക്കുന്നു. കാലുകൾ കൊണ്ട് ആമിർ ഒന്നാന്തരമായി ബൗളിംഗ് ചെയ്യും. തോളിനും താടിക്കും മദ്ധ്യേ വെച്ച് മനോഹരമായി ബാറ്റിങ്ങും ചെയ്യും. 34 വയസ്സുകാരനായ ആമിർ ഇപ്പോൾ അംഗപരിമിതർക്കുള്ള കശ്മീർ സംസ്ഥാന ക്രിക്കറ്റ് ടീം നായകൻ മാത്രമല്ല, അവരുടെ പരിശീലകൻ കൂടെയാണ്. (Sachin Tendulkar praises Kashmir Para Cricketer Amir Hussain)

വാർത്താ ഏജൻസിയായ എഎൻഐ അദ്ദേഹത്തിന്റെ വിഡിയോ ഷെയർ ചെയ്തത് മുതൽ ആമിർ ഇന്റർനെറ്റിൽ പ്രചോദനമായി മാറി. അസാധ്യമായത് സാധ്യമാക്കിയെന്ന് പറഞ്ഞ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പാരാ ക്യാപ്റ്റനെ പ്രശംസിച്ചു.

ആമിറിനെ കുറിച്ചറിഞ്ഞ സച്ചിൻ ഏറെ സന്തോഷവാനാകുകയും ആമിറിനെ എന്നെങ്കിലും ഒരിക്കൽ കാണാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. ആമിറിന്റെ പേരിലുള്ള ജേഴ്സി സ്വന്തമാക്കണമെന്ന ആഗ്രഹവും സച്ചിൻ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വിഡിയോയിൽ ആമിർ ധരിച്ചിരിക്കുന്നത് തെൻഡുൽക്കറിന്റെ പേരിലുള്ള ജേഴ്സിയയാണെന്നതും പ്രസക്തം.

Read also: ‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; പ്രതിസന്ധികൾ ആമിറിന് തോൽവികളല്ല!

“അസാധ്യമായത് അമീർ സാധ്യമാക്കിയിരിക്കുന്നു. ഇത് കാണുന്നത് എന്നെ വല്ലാതെ സ്പർശിക്കുന്നു! അദ്ദേഹത്തിന് ഗെയിമിനോട് എത്രമാത്രം സ്‌നേഹവും അർപ്പണബോധവുമുണ്ടെന്ന് കാണിക്കുന്നു. ഒരു ദിവസം അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പേരുള്ള ഒരു ജേഴ്‌സി സ്വന്തമാക്കാനും ഞാൻ പ്രതീക്ഷിക്കുന്നു. ഈ സ്പോർട്സ് കളിക്കുന്നതിനായി അനേകം ആളുകളെ പ്രചോദിപ്പിച്ചതിൽ അഭിനന്ദനം” സച്ചിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്സിൽ കുറിച്ചു.

Story highlights: Sachin Tendulkar praises Kashmir Para Cricketer Amir Hussain