‘നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍ നൊമ്പരങ്ങള്‍ പാടി…’ ഒരമ്മയും കുഞ്ഞും: ഉള്ളുപൊള്ളിക്കും ഈ വീഡിയോ
നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍ നൊമ്പരങ്ങള്‍ പാടാം ഞാന്‍… നഗര വീഥിയിലെ തിരക്കുകളെ ഭേദിച്ച് ഈ ഗാനത്തിന്റെ മാറ്റൊലികള്‍ ഉയരുകയാണ്. ആ പാട്ടിനെ തേടി ചെന്നാല്‍ ഒടുക്കം ചെന്നെത്തുന്നത് കോഴിക്കോട് എസ്എം സ്ട്രീറ്റിലേയ്ക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ കാഴ്ചക്കാരന്റെ നെഞ്ചുപൊള്ളിയ്ക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഒരു കൈക്കുഞ്ഞിനെയും ഒക്കത്തിരുത്തി പാട്ടുപാടുന്ന അമ്മയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. “കോഴിക്കോട് എസ് എം സ്ട്രീറ്റിൽ നിന്നും ഒരു കാഴ്ച. മനോഹരമായി പാടുന്നു. ഇത് എല്ലാവരും ഫോർവേഡ് ചെയ്യൂ. നമ്മുടെ വിരല്‍ തുമ്പിലൂടെ ഒരു കുടുംബം രക്ഷപ്പെട്ടാല്‍ അതൊരു മഹത്തായ കാര്യം ആയിരിക്കും” എന്ന കുറിപ്പോടുകൂടിയാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നെഞ്ചുനീറി പാടുമ്പോഴും അധികമാരും ഈ അമ്മയെയും കുരുന്നിനെയും ശ്രദ്ധിക്കുന്നില്ല എന്നതും വേദനാജനകമാണ്.
നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍ നൊമ്പരങ്ങള്‍ പാടാം ഞാന്‍… എന്ന ഗാനം അതിമനോഹരമായാണ് ഈ അമ്മ ആലപിക്കുന്നത്. കരുമാടിക്കുട്ടന് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കലാഭവന്‍ മണി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് കരുമാടിക്കുട്ടന്. മികച്ച പ്രേക്ഷക സ്വീകാര്യതയും ഈ ചിത്രം നേടിയിരുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.