ആരാധകരെ ആവേശത്തിലാക്കി ‘സെയ്‌റ നരസിംഹ റെഡ്‌ഡി’; ട്രെയ്‌ലർ

September 26, 2019

ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിരകൾ ഒന്നിക്കുന്ന ചിത്രമാണ് ‘സെയ്‌റ നരസിംഹ റെഡ്‌ഡി’. ഇപ്പോഴിതാ ചലച്ചത്ര പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് ചിത്രത്തിന്റ ട്രെയ്‌ലർ. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ്  അണിയറപ്രവർത്തകർ.

ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നയൻതാര, വിജയ് സേതുപതി, തമന്ന തുടങ്ങി വമ്പൻ താരനിരകൾ അണിനിരക്കുന്നുണ്ട്. ജഗപതി ബാബു, കിച്ചാ സുദീപ് എന്നിവരും ചിത്രത്തിൽ  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

250 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് സുരീന്ദർ റെഡ്ഢിയാണ്. രാം ചരൺ തേജയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. രായൽസീമയിലെ സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ചിത്രത്തിൽ സിദ്ധമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.

ചരിത്ര സിനിമയായ സെയ്റാ നരസിംഹ റെഡ്ഡി ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചിലവിടുന്നതെന്നാണ് സൂചന. ചിത്രത്തിനായി സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ എത്തും.