‘ഈ ഒരവസ്ഥയില്‍ ആ പഴയ ടീച്ചറുടെ മുന്നിലെങ്ങാനും ചെന്നുപെട്ടാല്‍….’ ശ്രദ്ധേയമായി അധ്യാപകദിന സ്‌പെഷ്യല്‍ വീഡിയോ

September 5, 2019

ഇന്ന് സെപ്തംബര്‍ 5, അധ്യാപക ദിനം. ജീവിതത്തെ എന്നും വര്‍ണ്ണ ശബളമാക്കാന്‍ നിറച്ചാര്‍ത്തുകള്‍ പകരുന്നവരാണ് അധ്യാപകര്‍. ഒരോ വിദ്യാര്‍ത്ഥിക്കും കാണും ജീവിതത്തില്‍ മറക്കാനാവാത്ത അധ്യാപകരും, അവരെകുറിച്ചുള്ള ചില സുന്ദര ഓർമ്മകളും. എത്ര വളര്‍ന്നാലും താൻ പഠിപ്പിച്ച കുട്ടികൾ അധ്യാപകന് എന്നും വിദ്യാര്‍ത്ഥി തന്നെയാണ്. അത്രമേല്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ് ഗുരുശിഷ്യ ബന്ധം. പവിത്രമായ ഗുരുശിഷ്യ ബന്ധങ്ങള്‍ എക്കാലത്തും പകരം വെയ്ക്കാനാവാത്ത മുതല്‍ക്കൂട്ടുകള്‍ തന്നെയാണ്.

ഈ അധ്യാപക ദിനത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒരു സ്‌പെഷ്യല്‍ വീഡിയോ. ‘അറിവുള്ളവരെല്ലാം അധ്യാപകരാവണമെന്നില്ല, അറിവ് പകര്‍ന്ന് നല്‍കുന്നവരാണ് അധ്യാപകര്‍’ എന്ന വലിയ സന്ദേശമാണ് ഈ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ഈ ഹ്രസ്വചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തികച്ചും വിത്യസ്തമായ ഒരു അവസ്ഥയില്‍ കണ്ടുമുട്ടുകയും തുടര്‍ന്ന് അരങ്ങേറുന്ന ചില രസകരമായ സംഭവങ്ങളുമൊക്കെയാണ് ഈ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഒട്ടേറെ ദൃശ്യവിരുന്നുകള്‍ സമ്മാനിക്കുന്ന ഫ്ളവഴേസ് ടിവിയാണ് ഈ സ്‌പെഷ്യല്‍ വീഡിയോയ്ക്ക് പിന്നില്‍. ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നന്ദുവാണ് സ്‌പെഷ്യല്‍ വീഡിയോയുടെ സംവിധായകന്‍. പ്രശാന്ത് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സനു വര്‍ഗീസ് ആണ് വീഡിയോയുടെ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോഡ് വിന്‍ പശ്ചാത്തല സംഗീതവും പ്രിജു ജോസ് കളര്‍ ഗ്രേഡിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ആനന്ദ് മന്മദന്‍, ജിബിന്‍, സജി എന്നിവരാണ് ഈ സ്‌പെഷ്യല്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.