‘ഒരു രാജാപ്പാര്‍ട്ട് ഫോട്ടാഷൂട്ട്’; മനോഹരം ഈ കുടുംബചിത്രം

September 16, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രമാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ഒരു രാജാപാര്‍ട്ട് ഫോട്ടോഷൂട്ട്’ എന്ന അടിക്കുറിപ്പും താരം ചിത്രങ്ങള്‍ക്ക് നല്‍കി.

അതേസമയം എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോയുടെ കഥാപാത്രങ്ങളാണ്.

അതേസമയം കല്‍ക്കിയാണ് ടൊവിനോ പ്രധാന കഥാപാത്രമായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം. നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിയ്ക്കുന്നതും.