ആകാംഷ നിറച്ച് ‘വികൃതി’ ട്രെയ്ലർ; വീഡിയോ
വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് സൗബിന് സാഹിര്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വികൃതി. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സൗബിന് സാഹിറിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.
ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലർ.
Read more: സോഷ്യൽ മീഡിയയുടെ മനംകവർന്ന് ഒരു അച്ഛനും മക്കളും; ശ്രദ്ദേയമായി ഓണാഘോഷ ചിത്രങ്ങൾ
സൗബിന് സാഹിര്‍ എന്ന നടനിലും പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല. സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന് നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും സൗബിനെ തേടിയെത്തി.
അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന് എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന് വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന് സാഹിര്‍ ആയിരന്നു.