ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കല്യാണം; വൈറലായി സാഹസിക ചിത്രങ്ങൾ

September 18, 2019

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്ന ഒരു മനോഹര കർമ്മമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം ഈ മനോഹര കർമ്മത്തെ ഏറ്റവും, മനോഹരവും വ്യത്യസ്തവും ആക്കാൻ എല്ലാവരും ആഗ്രഹിക്കുന്നത്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. എന്നാൽ ചില വെഡിങ് ഫോട്ടോഗ്രാഫിയും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ഇടയിൽ ആകാശത്തുനിന്ന് ഒരു വിവാഹം ആയാലോ എന്ന് ചിന്തിക്കുന്നവർ ഇത് ഒന്ന് കാണുക. ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ ദൂരെ മാറി നടന്ന ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ കൗതുകം ജനിപ്പിക്കുന്നത്. ജര്‍മ്മന്‍ നഗരമായ ബ്രയിസാഹിലാണ് ഈ വിവാഹം അരങ്ങേറിയത്. വലിച്ചുമുറുക്കിയ കയറിൽ ഇരുന്നാണ് അന്ന ട്രബറും സ്വെന്‍ ലയറും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിയാളുകളാണ് ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയത്.

എന്നാൽ വിവാഹത്തിന് ഇത്രയും വ്യത്യസ്തമായ ഒരു ആശയം എന്താണ് എന്നന്വേഷിച്ചും നിരവധി ആളുകൾ രംഗത്തെത്തി. ഞാണിന്മേൽ കളിക്കാരിയാണ് അന്ന, അതുകൊണ്ടുതന്നെ വിവാഹം തന്റെ കലയുമായി  ബന്ധപെട്ടതായിരിക്കണമെന്ന അന്നയുടെ ആഗ്രഹം സഫലമാക്കികൊണ്ടാണ്  അന്നയുടെയും സ്വെന്‍ ലയറുടെയും വിവാഹം ഇത്തരത്തിൽ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്.

വിവാഹം അനുഗ്രഹിക്കാൻ അന്നയുടെ അച്ഛൻ ജോനാന്‍ ട്രബര്‍ വലിച്ചുകെട്ടിയ കയറിലൂടെ ബൈക്കിലെത്തി ഇരുവരെയും അനിഗ്രഹിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് ഈ വിവാഹം കാണാൻ എത്തിയത്.