എയര്‍പോര്‍ട്ടിലും വിമാനത്തിലും താരമായി ഒരു കുട്ടിക്കുതിര: വീഡിയോ

September 6, 2019

രസകരവും കൗതുകകരവുമായ വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. മനുഷ്യര്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ സോഷ്യല്‍മീഡിയയില്‍ ഇടംനേടുന്നു. ഇത്തരം കാഴ്ചകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. പലപ്പോഴും മനുഷ്യരേക്കാള്‍ ബുദ്ധിയും വിവേകവുമൊക്കെ ചില മൃഗങ്ങള്‍ കാണിയ്ക്കാറുണ്ട്. അടുത്തകാലത്ത് തന്നെ ഇത്തരം നിരവധി വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് തെരുവുനായകളും കളിക്കുന്നതിനിടയില്‍ പുഴയിലേയ്ക്ക് വീഴാന്‍ തുടങ്ങിയ കുഞ്ഞിനെ കരയില്‍ സുരക്ഷിതമായെത്തിച്ച നായ്ക്കുട്ടിയുമെല്ലാം സോഷ്യല്‍മീഡിയയില്‍ ഇടം നേടി.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് ഒരു കുട്ടിക്കുതിരയാണ്. എയര്‍പോര്‍ട്ടില്‍ ഉടമയായ യുവതിയ്ക്ക് ഒപ്പമെത്തിയാണ് കുട്ടിക്കുതിര താരമായത്. എയര്‍പോര്‍ട്ടില്‍ മാത്രമല്ല, വിമാനത്തിലും കുട്ടിക്കുതിര താരമായി. ചിക്കാഗോയില്‍ നിന്നും ഒമാഹയിലേയ്ക്ക് യാത്ര തിരിച്ച അമേരിക്കന്‍ എയര്‍ലെെന്‍സ് വിമാനത്തിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. കുതിരക്കുട്ടിയോട് ഇഷ്ടം തോന്നിയ സഹയാത്രക്കാര്‍ സ്ഥലമൊരുക്കാനും മടി കാട്ടിയില്ല.


Read more:ദേ, ഇതാണ് ഒരു രൂപയ്ക്ക് ഇഡ്ഢലിയും സാമ്പാറും ചട്‌നിയും നല്‍കുന്ന ആ മുത്തശ്ശിയമ്മ

കുട്ടിക്കുതിരയുമായി വിമാനയാത്രയ്ക്കെത്തിയ സ്ത്രീയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ സംഭവം വൈറലായി. അതേസമയം ചിലര്‍ സംശയവുമായി എത്തി. കുതിരക്കുട്ടിയെ ഫ്ലൈറ്റില്‍ കൊണ്ടുപോകാന്‍ സാധിക്കുമോ എന്നതായിരുന്നു മിക്കവരുടെയും സംശയം. എന്നാല്‍ പരിശീലനം ലഭിച്ച കുട്ടിക്കുതിരകളെ വിമാനയാത്രയില്‍ ഒപ്പം കൂട്ടാമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വെബ്സൈറ്റില്‍ പറയുന്നുണ്ട്.