‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ
ഭൂമികുലുക്കം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചൊവ്വ കുലുക്കം എന്നതോ. പറഞ്ഞു വരുന്നത് ചൊവ്വ ഗ്രഹത്തെപ്പറ്റിയാണ്. ഭൂമിയിലുണ്ടാകാറുള്ള ഭൂകമ്പങ്ങള്‍ പോല ചൊവ്വയിലും ചലനങ്ങള്‍ സംഭവിക്കാറുണ്ടെന്ന കണ്ടെത്തലിന് തെളിവുമായെത്തിയിരിക്കുകയാണ് നാസ. ഭൂമിയില്‍ ആരും ഇതുവരെ കേള്‍ക്കാത്ത ചൊവ്വ കുലുക്കത്തിന്റെ ശബ്ദവും നാസ പുറത്തുവിട്ടിട്ടുണ്ട്. മെയ്, ജൂലൈ മാസങ്ങളില്‍ ചൊവ്വയിലുണ്ടായ കുലുക്കത്തിന്റെ ശബ്ദമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വയില്‍ ഇറങ്ങിയ നാസയുടെ ഇന്‍സൈറ്റ് പേടകത്തിലെ സിസ്മോമീറ്റര്‍ (സീസ്മിക് എക്സ്പിരിമെന്റ് ഫോര്‍ ഇന്റിരിയര്‍ സ്ട്രെക്ചര്‍) ഉപയോഗിച്ചാണ് അത്യപൂര്‍വ്വമായ ഈ ശബ്ദം പകര്‍ത്തിയിരിക്കുന്നത്. 3.7 ഉം 3.3 ഉം തീവ്രതയുള്ള കുലുക്കങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹെഡ്ഫോണിന്റെ സഹായത്തോടെ കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ ശബ്ദം പ്രൊസസ് ചെയ്തിരിക്കുന്നതും.
അതേസമയം ചൊവ്വ കുലുക്കത്തിന് ഭൂമികുലുക്കവുമായി വ്യത്യാസമുള്ളതായി നാസ വിശദമാക്കുന്നു. സെക്കന്റുകളുടെ ദൈര്‍ഘ്യത്തിലാണ് സാധാരണ ഭൂമി കുലുക്കം ഉണ്ടാകാറുള്ളത്. എന്നാല്‍ ചൊവ്വാ കുലുക്കത്തിന് ഒരു മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്‍സൈറ്റ് ചൊവ്വയില്‍ എത്തിയത്. ഏപ്രിലില്‍ ചൊവ്വ ചലനത്തിന്റെ ആദ്യ മുഴക്കവും രേഖപ്പെടുത്തിയിരുന്നു.