ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ സംഭവം: രക്ഷകനായത് ഓട്ടോഡ്രൈവര്‍; ഉദ്യോഗസ്ഥര്‍ ഭയപ്പെട്ട് മാറിനിന്നു: വീഡിയോ

October 12, 2019

ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും കുട്ടി തെറിച്ചു വീണ സംഭവത്തില്‍ ട്വിസ്റ്റ്. കുട്ടിയ്ക്ക് രക്ഷകരായത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നല്‍ ഈ വാദം പൊളിയുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയ്ക്ക് രക്ഷകനായത്. ഓട്ടോ ഡ്രൈവര്‍ കുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തി.

സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു സംഭവം. ഇടുക്കി കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ നിന്നുമാണ് കുഞ്ഞ് തെറിച്ച് റോഡിലേയ്ക്ക് വീണത്. കുട്ടിയെ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ രക്ഷിച്ചു എന്നായിരുന്നു വാദം. എന്നാല്‍ പ്രേതബാധയുള്ള പ്രദേശമാണെന്ന് കരുതി വനംവകുപ്പ് വാച്ചര്‍മാര്‍ കുഞ്ഞിനെ രക്ഷിക്കാതെ ഭയന്ന് മാറി നില്‍ക്കുകയായിരുന്നു.

Read more:വാര്‍ത്ത അവതരണത്തിനിടെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി മകന്‍; പിന്നെ കുഞ്ഞുകുസൃതികള്‍; ചിരിയുണര്‍ത്തി ഈ ‘ബ്രേക്കിങ് ന്യൂസ്’

അതുവഴി വന്ന കനകരാജ് എന്ന ഓട്ടോഡ്രൈവര്‍ കുഞ്ഞിനെ രക്ഷിക്കയായിരുന്നു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലീസിന് കുട്ടിയെ കൈമാറിയ ശേഷമാണ് വീട്ടിലേയ്ക്ക് മടങ്ങിയതെന്നും കനകരാജ് പറയുന്നു.

പഴനിയില്‍ നിന്നും ദര്‍ശനം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. അതേസമയം കുഞ്ഞ് ജീപ്പില്‍ നിന്നും വീണ കാര്യം ഏറെ ദൂരം സഞ്ചരിച്ച ശേഷമാണ് മാതാപിതാക്കള്‍ അറിയുന്നത്. കുഞ്ഞിനെ രാത്രി തന്നെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു.