കുമിളകള്‍ക്കൊണ്ട് വല വിരിച്ച് കൂനന്‍ തിമിംഗലങ്ങള്‍; കൗതുകമായി അപൂര്‍വ്വ വേട്ടയാടല്‍ ദൃശ്യങ്ങള്‍: വീഡിയോ
കരയിലെ കാഴ്ചകള്‍ മാത്രമല്ല പലപ്പോഴും കടല്‍ കാഴ്ചകളും ആകാശക്കാഴ്ചകളുമെല്ലാം സൈബര്‍ ലോകത്തെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ അപൂര്‍വ്വമായൊരു കടല്‍ക്കാഴ്ചയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അലാസ്കയിലെ ആഴക്കടലില്‍ വേട്ടയാടുന്ന കൂനന്‍ തിമിംഗലങ്ങളാണ് ഈ ദൃശ്യങ്ങളില്‍.
ഹവായ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ആപൂര്‍വ്വമായ ഈ ദൃശ്യങ്ങല്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരപിടിക്കുന്ന തിമിംഗലങ്ങളുടെ ആകാശക്കാഴ്ചയും അതിനൊപ്പംതന്നെ തിമിംഗലങ്ങളുടെ ശരീരത്തില്‍ ഘടിപ്പിച്ച കാമറയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളുമാണ് ഈ വീഡിയോയിലുളളത് ഒക്ടോബര്‍ 14 നാണ് ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ഗവേഷകര്‍ യുട്യൂബിലൂടെ പുറത്തുവിട്ടത്.
Read more:അജു വര്‍ഗീസ് നായകനായി ത്രില്ലര്‍ ചിത്രം; ‘കമല’-യുടെ ട്രെയ്ലര് ശ്രദ്ധേയമാകുന്നു
വല വിരിച്ചാണ് കൂനന്‍ തിമിംഗലങ്ങള്‍ വേട്ടായാടുന്നത് എന്നതാണ് ദൃശ്യങ്ങളിലെ കൗതുകം. എന്നാല്‍ ഇരപിടിക്കാന്‍ കൃത്രിമമായ വലയല്ല തിമിംഗലങ്ങള്‍ വിരിയ്ക്കുന്നത്. സ്വയം ഉല്പാദിപ്പിക്കുന്ന കുമിളകള്ക്കൊണ്ടാണ് കൂനന്‍ തിമിംഗലങ്ങള്‍ വേട്ടയാടാന്‍ വല വിരിക്കുന്നത്. ഒറ്റയ്ക്കല്ല ഇവയുടെ വലവിരിയ്ക്കല്‍. മറിച്ച് കൂട്ടായ പരിശ്രമത്തിലൂടെയാണ് കൂനന്‍ തിമിംഗലങ്ങള്‍ ഒരേതരത്തിലുള്ള കുമിളകള്‍ ഉല്പാദിപ്പിച്ചുകൊണ്ട് വേട്ടയാടുന്നത്.
ഇത്തരത്തില്‍ വല വിരിയ്ക്കുന്നതിനായി തിമിംഗലങ്ങള്‍ ആഴക്കടലിലേയ്ക്ക് കുതിക്കുന്നു. ശേഷം പുറന്തള്ളുന്ന വായു കുമിളകളായി രൂപപ്പെടുന്നു. കുമിളകള്‍ കടലിന്റെ ഉപരിതലത്തിലെത്തുമ്പോഴേയ്ക്കും ശക്തിയുള്ളതായി തീരുന്നു. അതിനാല്‍ തമിംഗലങ്ങള് ഭക്ഷിക്കുന്ന ക്രില്‍ പോലെയുള്ള മത്സ്യങ്ങളുടെ സഞ്ചാരം തടസപ്പെടുന്നു. ശേഷം തിമിംഗലങ്ങള്‍ മുകള്‍പ്പരപ്പിലെ കുമിളകള്‍ക്കൊണ്ട് തീര്‍ത്ത വേലിക്കെട്ടിനുള്ളില്‍ നിന്നും വേട്ടയാടും.