‘ആ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്തുവച്ച് സമൂഹത്തോട് അവൾ വിളിച്ചുപറഞ്ഞു ഞങ്ങൾക്ക് നീതി വേണം’; ഹൃദയംതൊട്ട് സന്തോഷ് കീഴാറ്റൂരിന്റെ നാടകം, വീഡിയോ

October 29, 2019

നീതി നിഷേധിക്കപ്പെടുമ്പോൾ ശബ്ദം ഉയർത്തേണ്ടത് കലാകാരന്മാരുടെ കടമയാണ്.  ഇപ്പോഴിതാ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ പെൺകുട്ടികളുടെ നീതിയ്ക്ക് വേണ്ടി പോരാടുകയാണ് ഒരു ജനത. നിലവിലെ കോടതിയുടെ വിധിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി സിനിമാതാരങ്ങളും കലാകാരന്മാരും അടക്കമുള്ളവർ രംഗത്ത് വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് വാളയാർ പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സന്തോഷ് കീഴാറ്റൂർ നടത്തിയ ഏകാംഗ നാടകം.

മകൾ നഷ്ടമായ അമ്മയുടെ വേദനയും വേവലാതിയുമാണ് താരം നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. മകളുടെ കുഞ്ഞുടുപ്പുമായി തെരുവിലൂടെ നീതിക്കായി അലയുന്ന അമ്മയായി വേഷമിട്ടുകൊണ്ടാണ് താരം കണ്ടുനിന്നവരുടെ കണ്ണുനിറച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുതൽ പഴയ ബസ്സ്റ്റാന്‍റ് പരിസരം വരെയാണ് ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ എത്തിയത്.

കഴിഞ്ഞ ദിവസമാണ് വാളയാർ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്. മറ്റ് രണ്ട് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

2017 ജനുവരി, മാർച്ച് മാസങ്ങളിലാണ് പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇരുവരും നിരന്തരമായ ലൈംഗീക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.