ലോകാവസാനം എത്താറായെന്ന തോന്നൽ; അച്ഛൻ മക്കളെ പൂട്ടിയിട്ടത് 9 വർഷം
ലോകാവസാനം അടുത്തുവെന്ന തോന്നൽ കാരണം ഒരച്ഛൻ സ്വന്തം മക്കളെ നിലവറയിൽ പൂട്ടിയിട്ടത് ഒമ്പത് വർഷം. ഹോളണ്ടിലെ ഡെന്ത്രയിലെ റൂനീയർവോൾഡ് എന്ന ഗ്രാമത്തിലാന് സംഭവം. അവിടുത്തെ ഫാം ഹൗസിലാണ് ആരും അറിയാതെ ആറ് മക്കളെ അച്ഛൻ വർഷങ്ങളോളം പൂട്ടിയിട്ടത്. ലോകാവസാനം അടുത്തു എന്ന തോന്നൽ വന്നതോടെയാണ് അദ്ദേഹം തന്റെ കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി ഫാം ഹൗസിലേക്ക് മാറ്റിയത്. മക്കളുടെ കാര്യം നോക്കുന്നതിനായി അച്ഛൻ ഒരു ജോലിക്കാരനെയും അവിടെ നിർത്തി.
ഫാം ഹൗസിൽ വളർത്തിയ പച്ചക്കറികളും പാലും കുടിച്ച് മാത്രമാണ് ഈ കുട്ടികൾ ഇത്രയും വർഷങ്ങൾ ജീവൻ നിലനിർത്തിയത്. 16 വയസിനും 25 വയസിനും ഇടയിലുള്ളവരാണ് കുട്ടികൾ. വർഷങ്ങളോളം നിലവറയിൽ പൂട്ടിയിട്ട ശേഷം ഒരിക്കൽ കാവൽക്കാരന്റെ കണ്ണുവെട്ടിച്ച് മൂത്ത മകനാണ് പുറത്തേക്ക് എത്തിയത്. ഫാം ഹൗസിൽ നിന്നും ഓടി രക്ഷപെട്ട ഇയാൾ ചെന്നെത്തിയത് ഒരു ബാറിലാണ്. തുടർന്ന് അവിടെ കണ്ട ആളുകളോട് ഇയാൾ തന്റെ ജീവിതത്തെക്കുറിച്ചും പൂട്ടിയിട്ടിരിക്കുന്ന സഹോദരങ്ങളെക്കുറിച്ചും പറഞ്ഞു. ഉടൻ തന്നെ പോലീസിന്റെ സഹായത്തോടെ ഇവർ ഫാം ഹൗസിലെത്തി ബാക്കിയുള്ളവരെ മോചിപ്പിക്കുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം പുറം ലോകം കണ്ടതിന്റെ ഞെട്ടലും മാനസീക പ്രശ്നങ്ങളും ഉള്ള ഇവരെ വൈദ്യ പരിശോധയ്ക്കായി എത്തിച്ചിരിക്കുകയാണ്. അതേസമയം കുഞ്ഞുനാൾ മുതൽ അച്ഛനെ മാത്രമേ കണ്ടിട്ടുള്ളുവെന്നും ‘അമ്മ ആരാണെന്ന് പോലും അറിയില്ലെന്നും ഇവർ പോലീസുകാരോട് പറഞ്ഞു.