സവാരിയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ചത്തതുപോലെ കിടക്കും; മടിയന്‍ കുതിരയുടെ അഭിനയത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി: ചിരിവീഡിയോ

October 23, 2019

രസകരവും കൗതുകകരവുമായ പലതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട് ഇക്കാലത്ത്. നായയ്ക്ക് മുന്നില്‍ ചത്തതുപോലെ അഭിനയിച്ച താറാവും പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന തത്തമ്മയുമെക്കെ അടുത്തിടെ സൈബര്‍ ലോകത്ത് ഇടം നേടിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത് ഒരു കുതിരയാണ്. പാട്ടിലും ഡാന്‍സിലുമൊന്നുമല്ല അഭിനയത്തിലാണ് ഈ കുതിര കേമന്‍. കുതിരയുടെ അഭിനയത്തിന് മുമ്പില്‍ നിറഞ്ഞ് ചിരിക്കുകയാണ് കാഴ്ച്ചക്കാര്‍.

Read more:കുമിളകള്‍ക്കൊണ്ട് വല വിരിച്ച് കൂനന്‍ തിമിംഗലങ്ങള്‍; കൗതുകമായി അപൂര്‍വ്വ വേട്ടയാടല്‍ ദൃശ്യങ്ങള്‍: വീഡിയോ

കുതിര സവാരിക്കായി പരിശീലിപ്പിച്ച കുതിരയാണ് വീഡിയോയിലെ താരം. പരിശീലനമൊക്കെ വേണ്ട രീതിയില്‍ ലഭിച്ചെങ്കിലും പണിയെടുക്കാന്‍ ഈ കുതിരയ്ക്ക് നല്ല ഒന്നാന്തരം മടിയാണ്. ജിന്‍ജാങ് എന്നാണ് ഈ മടിയന്‍ കുതിരയുടെ പേര്. കുതിര സവാരിയില്‍ നിന്നും രക്ഷ നേടാന്‍ ജിന്‍ജാങ് കണ്ടെത്തിയ മാര്‍ഗമാണ് രസകരം. സവാരിക്കായി ആരെങ്കിലും ജിന്‍ജാങിന്റെ പുറത്ത് കയറിയാല്‍ കുതിര അപ്പോള്‍തന്നെ കുഴഞ്ഞ് വീഴും. എന്നിട്ട് ചത്തതുപോലെ അങ്ങ് കിടക്കും. കുഴഞ്ഞ് വീഴുന്നതിനിടയില്‍ കാലുകള്‍ നിലത്തിട്ട് അടിക്കുകയും കണ്ണിലെ കൃഷ്ണമണി വട്ടത്തില്‍ ചുഴറ്റുകയും നാവ് പുറത്തേയ്ക്ക് ഇടുകയുമൊക്കെ ചെയ്യും ഈ കുതിര. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ഈ കുതിരയും കുതിരയുടെ തകര്‍പ്പന്‍ അഭിനയവും വൈറലായിക്കഴിഞ്ഞു.