‘പച്ചൈയമ്മ നിങ്ങളൊരു അത്ഭുതമാണ്’; മഞ്ജുവിനെ പ്രശംസിച്ച് ഐശ്വര്യ
മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും തമിഴ് താരം ധനുഷും ഒന്നിച്ച ചിത്രമാണ് അസുരൻ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഞ്ജുവിന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രം കന്മദത്തിലെ ഭാനുവിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് പുതിയ ചിത്രത്തിൽ മഞ്ജു പ്രത്യക്ഷപ്പെടുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാം വരവില്‍ മഞ്ജുവിന് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് അസുരനിലെ പച്ചൈയമ്മ എന്നാണ് ചിത്രം കണ്ടിറങ്ങുന്ന എല്ലാവരും അഭിപ്രായപെടുന്നത്. ഇപ്പോഴിതാ, യുവനായികമാരില്‍ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയും മഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു ശരിക്കും അത്ഭുതപെടുത്തിയെന്നാണ് ഐശ്വര്യ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം ധനുഷിന്റെ പ്രകടനത്തെയും താരം എടുത്തുപറയുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ മഞ്ജു വാര്യരുടെ മേക്ക് ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനും ലഭിച്ചത് അതേസമയം ആദ്യ ചിത്രം ധനുഷിനൊപ്പം ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് മഞ്ജു വാര്യർ.
തമിഴിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇരുവർക്കുമൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നുവെന്ന വാര്‍ത്ത ആരാധകരിൽ ഇരട്ടി മധുരം നല്‍കിയിരിക്കുകയാണ്.
കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുക്കിയ ചിത്രമാണ് അസുരൻ. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു വേഷമിട്ടത്.