കടൽക്കരയിൽ അജിത്ത്; വൈറലായി കുടുംബത്തിനൊപ്പമുള്ള ചിത്രം

October 10, 2019

സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ തല അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രം. ഭാര്യ ശാലിനിക്കും, മക്കളായ അനൗഷ്‌ക, അദ്വൈത് എന്നിവര്‍ക്കൊപ്പമുള്ള ഒരു യാത്രയ്ക്കിടയിലെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ തിരുവാൻമിയുര്‍ ബീച്ചില്‍ ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

വിത്യസ്ത കഥാപാത്രങ്ങളിലൂടെ എക്കാലത്തും വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന നടന വിസ്മയമാണ് തല അജിത്. താരം കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രമായാണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പിങ്ക്’ എന്ന സിനിമയുടെ റീമേക്ക് ആണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കബൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

‘പിങ്ക്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നേര്‍കൊണ്ട പാര്‍വൈയില്‍ തല അജിത് അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അജിത്തിന്റെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു പിങ്ക്. ബോക്‌സ് ഓഫീസിലും പിങ്ക് സൂപ്പര്‍ഹിറ്റായിരുന്നു.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്.