സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; രക്ഷകരായി താരങ്ങൾ, വീഡിയോ

October 5, 2019

സിനിമകളും റിയാലിറ്റി ഷോകളുമൊക്കെ ചിത്രീകരിക്കുമ്പോൾ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധയും കരുതലും ആവശ്യമാണ്. കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്തയാകുന്നത്.

നടൻ അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്  ഹൗസ്ഫുൾ 4. ചിത്രത്തിന്റെ പ്രചാരണ തിരക്കിലാണ് അക്ഷയ് കുമാറും അണിയറപ്രവർത്തകരും. സിനിമ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും അണിയറപ്രവർത്തകരും ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടായ അപകടമാണ് വാർത്തകളിൽ ചർച്ചയാകുന്നത്. മനീഷ് പോളിന്റെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആയ മൂവി മസ്തിയുടെ സെറ്റിലാണ് അപകടമുണ്ടായത്.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ അക്ഷയ് കുമാറും സംഘവും സംഭവസ്ഥലത്തേക്ക് ഓടിയെത്തി അപകടത്തിൽപെട്ടയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളാണ് അക്ഷയ് കുമാറിനും സംഘത്തിനും അഭിനന്ദനവുമായി എത്തുന്നത്. അതോടൊപ്പം അപകടം വിളിച്ചുവരുത്തുന്ന ഇത്തരം ഷോകൾക്കെതിരെ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്നുണ്ട്.