ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ നായികയായി അരുണാചല്‍ സ്വദേശി കെന്‍ഡി
വെള്ളിത്തിരയില്‍ അഭിനയ മികവുകൊണ്ട് വിസ്മങ്ങള്‍ തീര്‍ക്കുന്ന നടനാണ് സൗബിന് സാഹിര്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. കൗതുകം നിറച്ച് ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങി. ഇപ്പോഴിതാ പ്രേക്ഷകരില്‍ വീണ്ടും കൗതുകം നിറയ്ക്കുകയാണ് ചിത്രത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം.
Read more:‘എന്റെ നല്ല പാതി’; ജയാ ബച്ചന്റെ അപൂര്‍വ്വ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്
അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൈജു ശ്രീധരനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. സെജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.