വിജയ്ക്കും ആൻഡ്രിയയ്ക്കുമൊപ്പം പെപ്പെയും; ചിത്രം ഉടൻ
തമിഴകത്ത് മാത്രമല്ല കേരളക്കരയിലുമുണ്ട് ഇളയദളപതി വിജയ്ക്ക് ആരാധകര്‍ ഏറെ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിജയ് അഭിനയിക്കുന്ന 64 മത്തെ ചിത്രമായതിനാൽ ദളപതി 64 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് ആൻഡ്രിയ ജെറമിയായണ്. ആൻഡ്രിയ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
അതേസമയം വിജയ് ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് ആന്റണി വർഗീസ്. ഇവർക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന.
കൈദി, മനഗരം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 64. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൈദി മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. അതേസമയം വിജയ് നായകനായി എത്തിയ അവസാന ചിത്രം ബിഗിൽ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ 100 കോടി കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയിരുന്നു. നയൻ താരയാണ് ചിത്രത്തിൽ വിജയ് യുടെ നായികയായി വേഷമിട്ടത്. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്.
അതേസമയം ജല്ലിക്കട്ടാണ് ആന്റണി വർഗീസ് അഭിനയിച്ച അവസാന ചിത്രം. നിരവധി ചലച്ചിത്രമേളകളിൽ ഇടംനേടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ജല്ലിക്കെട്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കെട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.