അനുസിത്താരയുടെ ‘മാമാങ്കം’ ലുക്ക് ഇങ്ങനെ

October 31, 2019

മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന താരമാണ് അനു സിത്താര. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രത്തിലും അനു സിത്താര ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ ലുക്കും പുറത്തെത്തി. ഉണ്ണിമുകുന്ദനൊപ്പം നില്‍ക്കുന്ന അനു സിത്താരയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ശുഭരാത്രി’, ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.Read more:ഇത് സാനിയയുടെ പൊന്നോമന; ആദ്യ പിറന്നാൾ ദിനത്തിൽ ഇസാന്റെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം, വീഡിയോ

അതേസമയം ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്‍ കഥാപാത്രത്തിന്റെ പേര്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്രം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.