മലയിടുക്കുകളിൽ നിന്നും താഴേക്ക്; മരണത്തെ മുഖാമുഖം കണ്ട യുവാവിന് രക്ഷകനായത് കൈയിൽകെട്ടിയ വാച്ച്

October 23, 2019

മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ മലയിടുക്കുകളിൽ നിന്നും വീണ് മരണത്തെ മുഖാമുഖം കണ്ട ഒരു വ്യക്തിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കൈയിൽ കെട്ടിയ വാച്ച്. യു എസിലെ ന്യൂജേർസി സ്വദേശിയായ ജെയിംസ് പ്രുഡ്സ്യാനോ എന്ന 28 വയസുകാരനായ യുവാവിനാണ്  കയ്യിൽ കെട്ടിയ ആപ്പിൾ വാച്ച് രക്ഷകനായി മാറിയത്.

ട്രക്കിങ്ങിനിടെ മലയിടുക്കുകളിൽ നിന്നും അദ്ദേഹം കാൽ വഴുതി നദിയിലേക്ക് പതിക്കുകയായിരുന്നു. ഒഴുക്കിനിടയിൽ ഒരു പാറയിൽ അദ്ദേഹത്തിന് പിടുത്തം കിട്ടി. എന്നാൽ വീഴ്ചയിൽ ശരീരത്തിന് ക്ഷതം സംഭവിച്ച ജെയിംസ്  മരണത്തെമുന്നിൽകണ്ട് അവിടെ കിടക്കുകയായിരുന്നു. എന്നാൽ വീഴ്ചക്കിടയിൽ അദ്ദേഹത്തിന്റെ ഫോണിൽ നിന്നും ഫാൾ ഡിറ്റക്ഷൻ ഫീച്ചറിലൂടെ എമർജൻസി നമ്പറായ 911 ലേക്ക് എസ് ഒ എസ് കോൾ പോയി. അതോടൊപ്പം ജയിംസിന്റെ അമ്മയുടെ ഫോണിലേക്ക് എസ് ഒ എസ് മെസേജും അയക്കപെട്ടു.

വീഴുമ്പോഴുള്ള കൈകളുടെ ചലനം അനുസരിച്ചാണ് എസ് ഒ എസ് മെസ്സേജും കോളുകളും പോകുന്നത്. ഇതോടെ കോൾ ട്രേസ് ചെയ്ത് സംഭവസ്ഥലത്തെത്തിയ പൊലീസ് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.