‘ആറാം തിരുകൽപ്പന’യിൽ നിത്യയ്‌ക്കൊപ്പം ഷൈനും; ചിത്രം ഉടൻ

October 8, 2019

നിത്യാ മേനോന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ആറാം തിരുകൽപ്പന.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.  ചലച്ചിത്ര പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ പോസ്റ്ററിന് ശേഷം ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അജയ് ദേവലോക കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷൈൻ ടോം ചാക്കോയാണ്. പൊലീസുകാരനായാണ് താരം ചിത്രത്തിൽ വേഷമിടുന്നത്.

കോറിഡോര്‍ സിക്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആറാം തിരുകല്‍പനയുടെ ഷൂട്ടിങ് ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കും. മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു മുഴ നീള ക്രൈം ത്രില്ലറാണ് ആറാം തിരുകൽപ്പന. ബൈബിളിലെ ഒരു പ്രമേയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

അതേസമയം നിത്യ മേനോന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കിയാണ് ഒരുക്കിയത്. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റ്‌ലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.

ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ.