ഇക്കിളിയിട്ടാൽ ഇനി ഫോണും ചിരിക്കും; കൃത്രിമ ചർമ്മം നിർമ്മിച്ച് ശാസ്ത്രലോകം: വീഡിയോ

October 30, 2019

ശാസ്ത്രം വളർന്നുകൊണ്ടിരിക്കുകയാണ്… മനുഷ്യന്റെ പുതിയ കണ്ടുപിടിത്തങ്ങളും. ഇപ്പോഴിതാ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളാണ് സമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്. മനുഷ്യനെപ്പോലെ  ഉപകരണങ്ങൾക്കും സ്പര്‍ശനം അറിയുന്നതിനുള്ള സൗകര്യമാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ മുന്നോട്ട് വരുന്നത്.

കൃത്രിമ ത്വക്ക് നിർമ്മിക്കുന്നതിലൂടെ ഫോണുകൾ, കംപ്യൂട്ടറുകൾ, റോബോർട്ടുകൾ എന്നിവയ്ക്ക് മനുഷ്യനെപ്പോലെ സ്പർശനസുഖം അനുഭവിക്കാൻ സാധിക്കും. ത്വക്കിന്റെ രീതിയിലുള്ള ഒരു പാടയാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. ഇത്  ഇലക്ട്രോണിക് ഉപകരണങ്ങളുമായി ഇടപെടുന്നതിന് സാധ്യമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യനെപ്പോലെ പ്രതികരിക്കുന്നതിന് സാധ്യമാകുന്ന  കൃത്രിമ തൊലിയെ ‘സ്കിൻ ഓൺ ഇന്റർഫേസ്’ എന്നാണ് വിളിക്കുന്നത്.

ഫോണുകളിൽ കൃത്രിമ ത്വക്ക് ഉപയോഗിക്കുന്നതോടെ ഫോൺ എങ്ങനെയാണ് പിടിച്ചിരിക്കുന്നതെന്നും എത്രമാത്രം ശക്തി അതിൽ ഉപയോഗിച്ചിട്ടുണ്ടെന്നുമാ അറിയാനാകും. അതുപോലെ ദേഷ്യം വരുമ്പോൾ കാണിക്കുന്ന ഞെക്കലും ഞെരിക്കലും അടക്കം തൊടലും തലോടലും വരെ അതിന് തിരിച്ചറിയാൻ സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. കൃത്രിമ ത്വക്ക് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കാനും സാധ്യമാകും.

അതേസമയം ഈ കണ്ടുപിടുത്തതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ത്വക്കിലേക്ക് രോമങ്ങളും താപനിലയും ഉൾക്കൊള്ളിക്കാനും ശ്രമിക്കുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.