പ്രണയം പറഞ്ഞ് ആര്യ; കാപ്പാനിലെ ഡിലീറ്റ് ചെയ്ത രംഗമിതാ, വീഡിയോ

October 2, 2019

തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂര്യ- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ കാപ്പാൻ. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആര്യ, സയേഷ, സൂര്യ എന്നിവരെയാണ് വീഡിയോയിൽ കാണുന്നത്. സൂര്യയെ പറ്റിച്ച് ആര്യ സയേഷയോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

അതേസമയം ചിത്രത്തിലെ ‘ഹെയ് അമിഗോ…’ എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വൈരമുത്തുവിന്റെ വരികൾക്ക് ഹാരിസ് ജയരാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ലെസ്ലി ലെവിസ്, ജോനിത ഗാന്ധി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രെന്‍ഡിങ് ലിസ്റ്റിലും ട്രെയ്‌ലർ ഒന്നാമതെത്തിയിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്ര കാന്ത് വര്‍മ്മ ആയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫീസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. ‘ജില്ല’ക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read also: വാഹനങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കവെ പെട്ടെന്ന് പാലം തകര്‍ന്നു വീണു, അതും ബോട്ടിന് മുകളിലേയ്ക്ക്: അത്യപൂര്‍വ്വമായ അപകടദൃശ്യം

കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് കാപ്പാൻ. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. യുവ നടന്‍ ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധായകന്‍. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാല കൃഷ്‌ണനാണ്.